അയർലണ്ടിൽ സാമൂഹിക ക്ഷേമ ധനസഹായം 10 യൂറോ വർദ്ധിപ്പിക്കണം; ഒരുപിടി ജനോപകാരപ്രദ നിദ്ദേശങ്ങളുമായി Social Justice Ireland

സാമൂഹികക്ഷേമധനത്തില്‍ 10 യൂറോയുടെ വര്‍ദ്ധന നടത്തണമെന്ന ആവശ്യവുമായി Social Justice Ireland. ആഴ്ചയില്‍ 10 യൂറോ വീതം അധികസഹായം നല്‍കുമെന്ന് വരുന്ന ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്നാണ് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ആകെ സാമൂഹികക്ഷേമസഹായം ശരാശരി വരുമാനത്തിന്റെ 27.5% ആയി വര്‍ദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

വര്‍ദ്ധന നടപ്പിലായാല്‍ പരമാവധി ലഭിക്കുന്ന സഹായധനം ആഴ്ചയില്‍ 203 യൂറോയില്‍ നിന്നും 213 യൂറോ ആയി ഉയരും. അടുത്ത വര്‍ഷം ഇത് 222 യൂറോ ആയും വര്‍ദ്ധിക്കും.

സഹായധനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ അതേ അവസ്ഥയില്‍ തന്നെ തുടരുമെന്നതാണ് മുന്‍കാലാനുഭവങ്ങള്‍ കാണിച്ചുതരുന്നതെന്ന് Social Justice Ireland CEO Dr. Seán Healy പറഞ്ഞു. പക്ഷേ 2021-ലെ ബജറ്റിലും മുന്‍ ബജറ്റ് പോലെ സാമൂഹികക്ഷേമ ധനത്തില്‍ വര്‍ദ്ധനയൊന്നും പ്രഖ്യാപിച്ചില്ല. ഇത് 2022-ലും തുടരുകയാണെങ്കില്‍, അത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ കഷ്ടതയിലേയ്ക്ക് തള്ളിവിടലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹികക്ഷേമ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30.6 ബില്യണ്‍ യൂറോയാണ് 2020-ല്‍ സാമൂഹികക്ഷേമധനസഹായമായി നല്‍കിയിട്ടുള്ളത്. 2019-നെ അപേക്ഷിച്ച് 46% വര്‍ദ്ധനയാണിത്. കോവിഡ് കാരണം ധാരാളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതിനാല്‍ സഹായം ആവശ്യമായവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം.

തുക വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ മറ്റ് ഏതാനും നിര്‍ദ്ദേശങ്ങളും Social Justice Ireland സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നുണ്ട്. 2022 മുതല്‍ 258.30 യൂറോ നിരക്കില്‍ സാര്‍വത്രികമായ സാമൂഹിക പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കണമെന്നും, Carer’s Support Grant വാര്‍ഷികമായി 2,000 യൂറോ ആക്കി വര്‍ദ്ധിപ്പിക്കണമെന്നുമാണ് മറ്റ് രണ്ട് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഈ ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് Carers GP Visit Card നല്‍കണമെന്നും അവര്‍ പറയുന്നു.

Domiciliary care allowance 309.50 യൂറോയില്‍ നിന്നും 330 യൂറോ ആക്കി വര്‍ദ്ധിപ്പിക്കുക, അലവന്‍സ് ലഭിക്കുന്നവരെ Free Travel Scheme-ല്‍ ഉള്‍പ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങളുമുണ്ട്. ആഴ്ചയില്‍ cost of disability payment ഇനത്തില്‍ 20 യൂറോ നല്‍കാനും സംഘടന നിര്‍ദ്ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: