അയർലൻഡിലും വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ; 80-നു മേൽ പ്രായമുള്ള എല്ലാവർക്കും നൽകുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടമായി റെസിഡന്‍ഷ്യല്‍ കെയറുകളില്‍ താമസിക്കുന്ന 65-ന് മേല്‍ പ്രായമുള്ളവര്‍ക്കും, 80 മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. രണ്ടാം ഡോസ് എടുത്ത് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ കോവിഡ് വാക്‌സിനുകളായ Pfizer, Astrazeneca എന്നിവയുടെ ക്ഷമത കുറയുമെന്ന് ഈയിടെ യു.കെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഈയിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. രാജ്യത്തെ നഴ്‌സിങ് ഹോമുകളിലടക്കം പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും പുതിയ തീരുമാനത്തിന് ആക്കം കൂട്ടിയെന്നാണ് കരുതപ്പെടുന്നത്.

ആദ്യ ഡോസ് വാക്‌സിന് ശേഷം ആറ് മാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാമെന്ന് National Immunisation Advisory Committee (NIAC), ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോലഹാന്‍ എന്നിവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ബൂസ്റ്ററുകള്‍ക്ക് സാധിക്കുകയും, കോവിഡ് ബാധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുക എന്നിവ കുറയ്ക്കാനും ബൂസ്റ്ററുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ലോകത്ത് പലര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ പോലും കിട്ടാത്ത സാഹചര്യത്തില്‍ സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതില്‍ World Health Organization (WHO) ആശങ്ക പ്രകടിപ്പിച്ചു. പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം അവസാനം വരെ ബൂസ്റ്റുകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് WHO അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ കഴിഞ്ഞ മാസം തന്നെ ബൂസ്റ്ററുകള്‍ നല്‍കാനാരംഭിക്കുകയും, യുഎസ് അതിന് തയ്യാറെടുക്കുകയുമാണ്.

അതേസമയം രാജ്യത്ത് ഇന്നലെ 1,545 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 335 പേര്‍ ആശുപത്രികളില്‍ രോഗബാധിതരായി കഴിയുന്നുണ്ട്. 56 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: