റിസബാവ അന്തരിച്ചു

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയും, സ്വഭാവനടനായും, ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

കൊച്ചി തോപ്പുംപടി സ്വദേശിയായ റിസബാവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് 1990-ല്‍ പുറത്തിറങ്ങിയ ‘ഡോ.പശുപതി’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അതേ വര്‍ഷം തന്നെ തിയറ്ററിലെത്തിയ സിദ്ദിഖ്-ലാല്‍ കോംബോയുടെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രം ‘ഇന്‍ ഹരിഹര്‍ നഗറി’ലെ ‘ജോണ്‍ ഹോനായ്’ എന്ന വില്ലന്‍ കഥാപാത്രം അദ്ദേഹത്തിന് മലയളത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഇന്നും മലയാളികള്‍ പല സന്ദര്‍ഭങ്ങളിലായി ആ കഥാപാത്രത്തിന്റെ സംഭാഷണവും, ശൈലിയും ഉപയോഗിച്ചുവരുന്നു.

പിന്നീട് വില്ലന്‍ വേഷങ്ങള്‍ക്ക് പുറമെ സ്വഭാവനടനായും തിളങ്ങിയ റിസബാവ, സീരിയല്‍ രംഗത്തും സജീവമായിരുന്നു. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വ്യക്തിമുദ്ര പതിപ്പിച്ചു. ‘പ്രണയം’ എന്ന ബ്ലെസ്സി ചിത്രത്തില്‍ ഹിന്ദി നടനായ അനുപം ഖേറിന് ശബ്ദം നല്‍കിയത് റിസബാവ ആയിരുന്നു. ‘കര്‍മ്മയോഗി’ എന്ന സിനിമയില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാനപുരസ്‌കാരവും തേടിയെത്തി. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

വണ്‍, കോഹിനൂര്‍ എന്നിവയാണ് അടുത്തകാലത്തായി അഭിനയിച്ച ചിത്രങ്ങള്‍. ഇന്‍ ഹരിഹര്‍ നഗര്‍, ജോര്‍ജ്ജൂട്ടി C/O ജോര്‍ജ്ജൂട്ടി, ആനവാല്‍ മോതിരം, കാബൂളിവാല, അനിയന്‍ ബാവ ചേട്ടന്‍ ബാവ, പോക്കിരി രാജ, മുല്ല, പരദേശി, നേരറിയാന്‍ സിബിഐ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍.

Share this news

Leave a Reply

%d bloggers like this: