സ്‌പെഷ്യൽ യാത്രക്കാരനായ ‘കടലാമ’യുമായി എയർ ലിംഗസ് വിമാനം സ്പെയിനിലേക്ക്; ‘ജൂലിയസ് സീസർ’ രണ്ട് വർഷത്തിന് ശേഷം നാട്ടിൽ

അപൂര്‍വ്വ ജീവിയായ കടലാമയെ (Loggerhead sea turtle) വിഐപി പരിരക്ഷയോടെ തിരികെ ‘വീട്ടിലെത്തിച്ച്’ എയര്‍ ലിംഗസ് വിമാനം. ഡബ്ലിനില്‍ നിന്നും സ്‌പെയിനിലെ Gran Canaria-ലേയ്ക്കാണ് പ്രത്യേക വിമാനത്തില്‍ ‘ജൂലിയസ് സീസര്‍’ എന്ന് പേരിട്ടിരിക്കുന്ന കടലാമയെ കൊണ്ടുപോയത്.

2019 ജനുവരിയിലാണ് ഡോണഗലിലെ കടല്‍ത്തീരത്ത് തിരയ്‌ക്കൊപ്പം സീസര്‍ വന്നുപെട്ടത്. അന്ന് വെറും 9 മാസമായിരുന്നു ആമക്കുഞ്ഞന്റെ പ്രായം. സ്വദേശത്ത് നിന്നും ദിശമാറിയെത്തിയ തിരയില്‍പ്പെട്ട് എത്തിയ സീസര്‍, കടുത്ത തണുപ്പ് കാരണം ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ഡോണഗലിലെ ഒരു കുടുംബമായിരുന്നു ആരോരുമില്ലാതെ കിടന്ന ആമക്കുഞ്ഞിനെ കണ്ടെത്തിയത്. പ്രതികൂലസാഹചര്യങ്ങളോട് പോരാടാനുള്ള കരുത്ത് കണ്ടതോടെ അധികൃതര്‍ ‘ജൂലിയസ് സീസര്‍’ എന്ന പേര് നല്‍കുകയും, Co Down-ലെ Portaferry-ലുള്ള Exploris അക്വേറിയത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

ശരീരത്തിന് വേണ്ട ഊഷ്മാവ് ലഭിക്കുന്ന രീതിയിലുള്ള വെള്ളം ടാങ്കില്‍ സജ്ജമാക്കുകയും, ആവശ്യത്തിന് പോഷകങ്ങളുള്ള ഭക്ഷണം നല്‍കുകയും ചെയ്തു.

തിരികെ നാട്ടിലേയ്ക്ക് തന്നെ വിടാനായിരുന്നു ഉദ്ദേശമെങ്കിലും കോവിഡ് കാരണം യാത്ര നീണ്ടു. ഇതിനിടെ മിടുക്കനായി വളര്‍ന്ന സീസറിന് ഇപ്പോള്‍ 25 കിലോഗ്രാം തൂക്കമുണ്ട്.

തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് പ്രത്യേകമായി നിര്‍മ്മിച്ച വാട്ടര്‍പ്രൂഫ് സംവിധാനമുള്ള ബോക്‌സില്‍, സംരക്ഷകന്റെ സഹായത്തോടെ സീസര്‍ സ്‌പെയിനിലേയ്ക്ക് യാത്രയായി. 19 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ എപ്പോഴും വേണമെന്നതിനാല്‍ വളരെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു യാത്ര. സീറ്റുകളില്‍ ബെല്‍റ്റിട്ട് ബോക്‌സ് ഉറപ്പിച്ച ശേഷം വിമാനം പറന്നുയര്‍ന്നു.

യാത്രയ്ക്കിടെ പല തവണ സീസറിന് സുരക്ഷാപരിശോധനയും നടത്തുന്നുണ്ടായിരുന്നു. ഈ ‘സ്‌പെഷ്യല്‍ യാത്രക്കാരനെ’ സുരക്ഷിതമായി വീടെത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എയര്‍ ലിംഗസ് ജീവനക്കാരും.

Gran Canaria-യിലെ Tarifa Wildlife Recovery Centre-ലാണ് സീസറിനെ എത്തിച്ചത്. ശേഷം കടലിലേയ്ക്ക് വിടുകയും ചെയ്തു.

മുമ്പ് 2013-ല്‍ സ്ഥലംമാറി Co Clare-ല്‍ ഒഴുകിയെത്തിയ മറ്റൊരു കടലാമയായ ‘ലിയോണ’യെയും ഇതുപോലെ Gran Canaria-ലെ Las Palmas-ല്‍ തിരികെയെത്തിച്ചത് എയര്‍ ലിംഗസ് ആയിരുന്നു. 2014 ഡിസംബറിലായിരുന്നു ഈ യാത്ര.

Share this news

Leave a Reply

%d bloggers like this: