ആമസോൺ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്; ഇത്തരം ഫോൺ കോൾ നിങ്ങൾക്കും വന്നോ?

ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കോവിഡ് കാലത്ത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവരെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ലക്ഷ്യമിടുന്നത്.

ആമസോണിന്റെ സുരക്ഷാ ജീവനക്കാര്‍ എന്ന പേരിലാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടുന്നതെന്നും, അക്കൗണ്ടിലെ വിവരങ്ങള്‍ കാലിഫോര്‍ണിയയിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും, അനധികൃതമായി പണമിടപാടുകള്‍ നടത്തിയെന്നുമാണ് ഇവര്‍ പൊതുവെ പറയുന്നത്. തുടര്‍ന്ന് ഇത് ഉപഭോക്താവ് വിശ്വസിച്ചു എന്ന് ബോധ്യമായാല്‍ അവരെക്കൊണ്ട് TeamViewer എന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഫോണ്‍ വിദൂരമായി നിയന്ത്രിക്കാവുന്ന ഒരു സ്‌പൈ സോഫ്റ്റ് വെയര്‍ ആണ് TeamViewer. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ അടക്കമുള്ളവ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.

കോവിഡ് കാലത്താണ് പലരും ആദ്യമായി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളത് എന്നതും, ഇവര്‍ക്ക് ആമസോണ്‍ നടപടികളെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നതുമാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

ആമസോണില്‍ നിന്നെന്ന് അവകാശപ്പെട്ട് ഇത്തരം കോളുകള്‍ വന്നാല്‍ അവര്‍ നിര്‍ദ്ദേശിക്കും പ്രകാരം സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും, അവര്‍ തരുന്ന ലിങ്ക് ക്ലിക്ക് ചെയ്യരുതെന്നും, ബാങ്ക് വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ കൈമാറരുതെന്നും ആമസോണ്‍ വ്യക്തമാക്കി. സംശയം തോന്നിയാല്‍ ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രം അന്വേഷിക്കുക.

ഓരോ വര്‍ഷവും ഇത്തരം തട്ടിപ്പുകള്‍ വഴി മില്യണ്‍ കണക്കിന് യൂറോയാണ് തട്ടിപ്പുകാര്‍ സാധാരണക്കാരില്‍ നിന്നും കവരുന്നത്.

Share this news

Leave a Reply

%d bloggers like this: