അയർലൻഡിൽ വീടുകളുടെ നവീകരണ പ്രവൃത്തി നടത്താൻ പണം അഡ്വാൻസ് വാങ്ങി മുങ്ങുന്ന തട്ടിപ്പുവീരന്റെ ഇരകൾ ഏറെ; മലയാളികളെ ടാർഗറ്റ് ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പുതിയ തട്ടിപ്പ് രീതിയുമായി രംഗത്ത്

വീടുകള്‍ക്ക് കുറഞ്ഞ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം അഡ്വാന്‍സ് വാങ്ങി മുങ്ങുന്ന തട്ടിപ്പുവീരന്റെ ഇരകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നു. നേരത്തെ SP Construction എന്നും, ഇപ്പോള്‍ Modern Home Maintenance എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്ന തട്ടിപ്പുകാരന്റെ വലയില്‍ കുടുങ്ങിയത് മലയാളികളടക്കം നിരവധി പേരാണ്. ഫേസ്ബുക്കില്‍ Slavil Sp എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ലഭ്യമല്ല.

നേരത്തെ ഇത്തരം തട്ടിപ്പ് നേരിട്ടവരെ പറ്റിയുള്ള വാര്‍ത്ത (https://www.rosemalayalam.com/20201214171232/102336/) ‘റോസ് മലയാളം’ പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ കുറഞ്ഞ ചെലവില്‍ നവീകരണം നടത്തിത്തരാമെന്ന വാഗ്ദാനവുമായി സമീപിച്ചാല്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പും ഞങ്ങള്‍ നല്‍കിയിരുന്നു.

ഇപ്പോള്‍ ഈ കമ്പനിക്ക് നവീകരണ കരാര്‍ നല്‍കി, നിലവാരമില്ലാത്ത നിര്‍മ്മാണപ്രവൃത്തി കാരണം പറ്റിക്കപ്പെട്ട എട്ട് പേരാണ് RTE-യുടെ Prime Time പരിപാടിയില്‍ ദുരനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുന്നത്.

2020-ല്‍ വിക്ക്‌ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന SP Construction-ന്റെ ഉടമയെ ഓണ്‍ലൈന്‍ വഴിയാണ് തട്ടിപ്പിനിരയായവരില്‍ ഒരാളും, അദ്ധ്യപികയുമായ ഒലിവിയ ബന്ധപ്പെട്ടത്. Mecislavs Pucka എന്നാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഒരു മുറി കൂടി നിര്‍മ്മിക്കാനായി 30,000 യൂറോ ചെലവ് പറയുകയും, ആദ്യ ലോക്ക്ഡൗണിന് ശേഷം പണി ആരംഭിക്കുകയും ചെയ്തു.

പണി വേഗത്തില്‍ പൂര്‍ത്തിയായയത് കണ്ട് സന്തോഷിച്ച ഒലിവിയയുടെ ആ സന്തോഷം പക്ഷേ ആഴ്ചകള്‍ക്കുള്ളില്‍ മാഞ്ഞു. കാരണം അപ്പോഴേയ്ക്കും മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇലക്ട്രീഷ്യനായ ഒലിവിയയുടെ സഹോദരന്‍ കെട്ടിടം പരിശോധിക്കുകയും, നിലവാരമില്ലാത്ത രീതിയിലാണ് SP Construction കെട്ടിടനിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇത് വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു.

ചുമരില്‍ വിള്ളലുകള്‍, ജനാല പൊട്ടിവീഴാന്‍ പോകുക എന്നിങ്ങനെ പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇവരുടെ സര്‍വേയറായ Kevin Hollingsworth-നും കെട്ടിടനിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് കമ്പികളും മറ്റും നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചിരുന്നില്ല.

എന്നാല്‍ അപ്പോഴേയ്ക്കും SP Construction-ന് മുഴുവന്‍ പണവും ഒലിവിയ നല്‍കിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ കണ്ട് കാര്യം സംസാരിച്ച ഒലിവിയ, കേടുപാടുകള്‍ തീര്‍ക്കാനുള്ള പണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ മാസങ്ങള്‍ക്ക് ശേഷം 10,000 യൂറോ Mecislavs Pucka എന്നയാള്‍ തിരികെ നല്‍കി.

ഒലിവിയയുടെ കൂടാതെ 7 പേര്‍ കൂടി ഇതേ കമ്പനി ഇത്തരത്തില്‍ നടത്തിയ തട്ടിപ്പ് വെളിപ്പെടുത്തി. ഇവിടെയും Mecislavs Pucka എന്നയാളാണ് കമ്പനി ഉടമയായി എത്തിയത്.

ഏറ്റെടുത്ത രണ്ട് ജോലികളില്‍ കോണ്‍ട്രാക്ടറുടെ സ്ഥാനത്ത് Ronan Rose Roberts എന്ന പേരാണ് SP Construction നല്‍കിയത്. പ്രശ്‌നം കണ്ടതോടെ പിന്നീട് കോണ്‍ട്രാക്ടറെ ബന്ധപ്പെട്ടപ്പോള്‍ താനും ഈ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് Roberts വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പേരുപയോഗിച്ച് കമ്പനി തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

പരിപാടിക്ക് ശേഷം RTE അധികൃതര്‍ SP Construction ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും അവര്‍ ആരോപണങ്ങള്‍ അംഗീകരിച്ചില്ല. അതേസമയം നിര്‍മ്മാണത്തില്‍ ചില പാകപ്പിഴകളുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. സബ് കോണ്‍ട്രാക്ടര്‍മാരെയാണ് ഫോണില്‍ സംസാരിച്ചയാള്‍ കുറ്റപ്പെടുത്തിയത്. തന്റെ പേര് Mecislavs Pucka അല്ലെന്ന് പറഞ്ഞ ഫോണ്‍ എടുത്ത ഇയാള്‍, SP Cnstruction ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പറഞ്ഞു. Mecislavs Pucka-യുടേതെന്ന് പറഞ്ഞ് ഇയാള്‍ ഒരു നമ്പര്‍ നല്‍കിയത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും RTE റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാത്തനാല്‍ പെട്ടെന്നൊരു നടപടി സാധ്യമല്ലെന്നാണ് ഗാര്‍ഡയുടെ പക്ഷം. അപകടരമായ കെട്ടിട നിര്‍മ്മാണം എന്ന വകുപ്പിലാണ് ഇത് പെടുക. അതിനാല്‍ കോടതി വഴി നടപടി സ്വീകരിക്കണം. അതാകട്ടെ കാലതാമസമുള്ളതും, പണച്ചെലവേറിയതുമാണ്. അതിനാല്‍ത്തന്നെ നിയമത്തിലെ ഈ പോരായ്മ മുതലെടുത്താണ് തട്ടിപ്പുകാര്‍ ഇത്തരം പ്രവൃത്തികള്‍ തുടരുന്നതെന്നും ഒലിവിയ പറയുന്നു.

അയര്‍ലന്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ Construction Industry Register of Ireland (CIRI)-ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം ഇത് നിര്‍ബന്ധവുമല്ല. നിര്‍ബന്ധമാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കാലങ്ങളായി തുരുന്നതാണെങ്കിലും നടപ്പിലായിട്ടുമില്ല. ഇത് നിര്‍ബന്ധമാക്കുന്ന ബില്‍ Department of Housing വരുന്ന ആഴ്ചകളില്‍ അവതരിപ്പിക്കാനിരിക്കുന്നതായി RTE-യോട് പ്രതികരിച്ചിട്ടുണ്ട്.

ഇക്കാരണങ്ങളെല്ലാം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം അറ്റകുറ്റപ്പണികള്‍ ഏല്‍പ്പിക്കുമ്പോള്‍ കമ്പനി/കോണ്‍ട്രാക്ടറെ പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് ആര്‍ക്കിട്ടെക്റ്റായ Ronan Rose Roberts പറയുന്നത്. ഇവര്‍ മുമ്പ് ഏറ്റെടുത്ത് ചെയ്തിട്ടുള്ള ജോലികള്‍ കണ്ടും, വീട്ടുകാരോട് സംസാരിച്ചും വിലയിരുത്തിയ ശേഷം മാത്രം കരാര്‍ ഉറപ്പിക്കുക.

നേരത്തെ മലയാളികളെ പ്രത്യേകം തെരഞ്ഞെടുത്തായിരുന്നു SP Construction എന്ന പേരില്‍ Slavil Sp എന്നയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കുറഞ്ഞ ചെലവില്‍ നവീകരണ പ്രവര്‍ത്തനം വാഗ്ദാനം ചെയ്ത ശേഷം അഡ്വാന്‍സ് വാങ്ങുകയും, ആ പണവുമായി മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി. സംഗതി വിവാദമായതോടെ ഇപ്പോള്‍ പേര് മാറ്റി Modern Home Maintenance എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

Share this news

Leave a Reply

%d bloggers like this: