ഡബ്ലിനിലെ ഏറ്റവും അപകടകരമായ 7 പ്രദേശങ്ങൾ; നിങ്ങൾ താമസിക്കുന്നത് ഇവിടെയാണോ?

അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ ഒരുപക്ഷേ ലോകവിനോദസഞ്ചാരികള്‍ക്ക് പോലും പ്രിയപ്പെട്ട ഇടമാണ്. മികച്ച സൗകര്യങ്ങള്‍ക്കൊപ്പം മനോഹരമായ പ്രദേശവും, വ്യവസായ കേന്ദ്രവുമാണ് ഡബ്ലിന്‍. പക്ഷേ ഈ നഗരത്തിനും അതിന്റേതായ ന്യൂനതകളും, പോരായ്മകളുമുണ്ട്. ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ തന്നെയാണ് അതില്‍ പ്രധാനം. നിരവധി കത്തിക്കുത്തുകളും, മര്‍ദ്ദനങ്ങളുമടക്കമുള്ള സംഭവങ്ങള്‍ ദിവസേനയെന്നോണം നഗരത്തില്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നഗരത്തിലെ ചില പ്രത്യേക പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങളില്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയം. ഇതാ ഡബ്ലിനിലെ അപകടകരമായ ചില പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം (കുറ്റകൃത്യങ്ങളുടെ എണ്ണം പരിഗണിച്ചാണ് ഈ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവ റാങ്കിങ് അടിസ്ഥാനത്തില്ല എന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു):

  1. Darndale

നഗരത്തിന്റെ വടക്കന്‍ പ്രദേശമായ Darndale ധാരാളെ സോഷ്യല്‍ ഹൗസിങ് കെട്ടിടങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ്. മികച്ച സൗകര്യങ്ങളോടെയുള്ള 3,000 സോഷ്യല്‍ ഹൗസുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഇവിടെ നേരത്തെ വാഗ്ദാനം ചെയ്ത പല സംരംഭങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

ഇതോടെ ഇവിടെ ജീവിക്കുന്ന യുവാക്കളില്‍ പലര്‍ക്കും കൃത്യമായ ജോലിയെ വരുമാനമോ ഇല്ലാതായി. ഇവിടെ ഈയിടെയായി വ്യാപകമായ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് പ്രദേശത്ത് സ്ഥിരം പോലീസ് സാന്നിദ്ധ്യം വേണമെന്ന് അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണറായ ജാക്ക് നോലാന്‍ പറയുകയും ചെയ്തു. പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഇവിടെ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. നാട്ടുകാരെ ക്രിമിനല്‍ സംഘങ്ങള്‍ ഭീഷണിപ്പെടുത്തിയാണ് ഇവിടം ഭരിക്കുന്നത്.

2019 മെയില്‍ ജോര്‍ദന്‍ ഡേവിസ് എന്നയാള്‍ തന്റെ നാല് മാസം പ്രായമുള്ള കുട്ടിയുമായി നടന്നുപോകുമ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇവിടെയാണ്. ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നില്‍.

2. Jobstown

Tallaght-യിലാണ് Jobstown സ്ഥിതി ചെയ്യുന്നത്. ഇവിടവും സോഷ്യല്‍ ഹൗസിങ്ങിന് പ്രസിദ്ധമാണ്. പക്ഷേ നാട്ടുകാര്‍ക്ക് ആവശ്യത്തിന് ജോലി ചെയ്യാനോ, സമ്പാദിക്കാനോ ഇവിടെ അധികം സൗകര്യങ്ങളില്ല.

അക്രമങ്ങള്‍, മോഷണം എന്നിവ സ്ഥിരമായി നടക്കുന്ന പ്രദേശമാണ് ഇവിടം. 2020-ല്‍ പലപ്പോഴായി ഇവിടെയുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പ്പനയും സുലഭം. പലതവണയായി ഗാര്‍ഡ വലിയ അളവില്‍ മയക്കുമരുന്നുകള്‍ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്.

2018-ലെ മഞ്ഞുകാലത്ത് ജെസിബി ഉപയോഗിച്ച് ഇവിടെയുള്ള Lidl സ്‌റ്റോര്‍ തകര്‍ത്ത അക്രമികള്‍ സാധനങ്ങള്‍ മോഷ്ടിക്കുകയുണ്ടായി.

2018 ജൂണില്‍ Adam Muldoon (23) എന്നയാള്‍ ഇവിടെ വച്ച് കൊലചെയ്യപ്പെട്ടു. ഭവനരഹിതനും, സെറിബ്രല്‍ പാള്‍സി ബാധിച്ചയാളുമായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 150 മുറിവുകളാണ് ഏറ്റത്. ഇവിടെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഷണവും നടന്നു.

3. Finglas

ഒട്ടേറെ മലയാളികള്‍ പാര്‍ക്കുന്ന ഡബ്ലിനിലെ പ്രദേശമാണ് Finglas. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഇവിടെ കുറ്റകൃത്യങ്ങളും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു.

ഒരുപിടി സംഘടിത കുറ്റവാളി സംഘങ്ങളുടെ താവളമാണ് ഇവിടം. പലവട്ടം വെടിവെപ്പുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ചും പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് പ്രശ്‌നങ്ങള്‍ ഏറെ.

2018-ലെ കണക്കനുസരിച്ച് Finglas West and Blanchardstown (Dublin West)- ആയിരുന്നു തലസ്ഥാനത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന മൂന്നാമത്തെ പ്രദേശം.

2016-ല്‍ Vincent Ryan എന്ന 25-കാരനെ ക്രിമിനല്‍ സംഘം ഇവിടെ വച്ച് വെടിവച്ചിരുന്നു. 2014-ല്‍ Wellmount Road-ലെ വീട്ടിലുണ്ടായ അക്രമത്തില്‍ Vincnt Meyer എന്നയാള്‍ മരിക്കുകയും ചെയ്തു.

4. Ballymun

Fingals പോലെ ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്ന മറ്റൊരു പ്രദേശമാണ് Ballymun. ധാരാളം പാര്‍പ്പിട സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും, പക്ഷേ നാട്ടുകാര്‍ക്ക് ആവശ്യമായ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യാത്തതിനെത്തുടര്‍ന്ന് സംഭവിക്കുന്ന ദുരന്തങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഈ പ്രദേശം.

മയക്കുമരുന്ന് വില്‍പ്പനയാണ് Ballymun ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. Ballymun-Finglas പ്രദേശങ്ങളിലെ കൗമാരക്കാരുടെ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഏറ്റവും പുതുതായി ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഏറ്റവുമധികം മാലിന്യം തള്ളപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണ് ഇവിടം.

ഈയിടെ Ballymun പ്രദേശത്ത് ഒരാള്‍ മെഷീന്‍ ഗണ്ണുമായി വെടിവെപ്പ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇയാളെ ഗാര്‍ഡ പിടികൂടുകയും, കോടതി 15 വര്‍ഷത്തേയ്ക്ക് തടവിന് വിധിക്കുകയും ചെയ്തു.

2018-ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനും ഒരു വര്‍ഷം മുമ്പ് Balbutcher Drive-ല്‍ ക്രിമിനല്‍ സംഘങ്ങള്‍ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാരായ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

5. Sheriff Street

ഡബ്ലിനിലെ വടക്കന്‍ ഉള്‍പ്രദേശമാണ് Sheriff Street. 1980-90 കളില്‍ ഹെറോയിന്‍ കേന്ദരമായിരുന്ന ഇവിടം അനവധി കുറ്റകൃത്യങ്ങള്‍ കാരണം ക്രുപസിദ്ധിയാര്‍ജ്ജിച്ചിരുന്നു. പിന്നീട് സാഹചര്യങ്ങളില്‍ ചെറിയ മാറ്റം വന്നെങ്കിലും ഇപ്പോഴും അപകടകരമായ പ്രദേശങ്ങളിലൊന്ന് തന്നെയാണ് Sheriff Street.

2019-ല്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഡബ്ലിന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹികവിരുദ്ധരുടെ ശല്യം കാരണം ഗാര്‍ഡ സുരക്ഷ ഒരുക്കേണ്ടിവന്നു.

ഇവിടെ ഇപ്പോഴും മയക്കുമരുന്ന് വില്‍പ്പന തുടരുന്നതായി നാട്ടുകാര്‍ പറയുന്നു. 2018-ല്‍ വന്‍ കൊക്കെയിന്‍ ശേഖരവും, തോക്കും ഗാര്‍ഡ ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. 2016-ല്‍ Michael Barr എന്നയാള്‍ക്ക് നേരെ ക്രിമിനല്‍ സംഘങ്ങളുടെ വെടിവെപ്പും ഉണ്ടായി.

ഈ പ്രദേശത്ത് മലിനീകരണവും ഏറെയാണ്.

Lower Street ആണ് കൂടുതല്‍ പ്രശ്‌നബാധിതമെന്നാണ് റിപ്പോര്‍ട്ട്.

6. Ballyfermot

ഡബ്ലിന്റെ പടിഞ്ഞാറന്‍ പ്രദേശമായ Ballyfermto ക്രിമിനല്‍ സംഘങ്ങളുടെ താവളമാണ്. ഇവിടെ Croftwood Park പ്രദേശത്ത് കഴിഞ്ഞ മാസം നടന്ന ക്രിമിനല്‍ സംഘങ്ങളുടെ വെടിവെപ്പില്‍ ഒരു 50-കാരന് ജീവന്‍ നഷ്ടമായിരുന്നു.

ചെറുപ്പക്കാര്‍ക്കിടയിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനവും മറ്റൊരു പ്രശ്‌നമാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവിടെ ഒരു വീടിന് തീ വച്ചിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. ബസ് ഡ്രൈവര്‍മാര്‍ക്ക് നേരെ പലതവണ ഭീഷണികളുണ്ടായതും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്തെ Cherry Orchard area ആണ് ഏറ്റവും പ്രശ്‌നബാധിതം. ഹാലോവീന്‍ സമയങ്ങളില്‍ ചെറുപ്പക്കാര്‍ വീടുകള്‍ക്ക് നേരെ പടക്കങ്ങള്‍ എറിയുക അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

7. Clondalkin

തെക്ക്-പടിഞ്ഞാറന്‍ ഡബ്ലിനിലെ Clondalkin-നിലുള്ള Bawnogue, Neilstown എന്നീ പ്രദേശങ്ങളാണ് ഏറ്റവുധികം കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളത്.

2018-ല്‍ ഇവിടെയുള്ള ഒരു കെട്ടിട നിര്‍മ്മാണം നാട്ടുകാരില്‍ ചിലര്‍ തടയുകയും, പണിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

2020-ല്‍ Neilstown വഴി സര്‍വീസ് നടത്തുകയായിരുന്ന ബസുകള്‍ക്ക് നേരെ കല്ലേറും, പടക്കം പൊട്ടിച്ചെറിയലും ഉണ്ടായതിനെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ അഞ്ച് തവണ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു.

ഇവിടത്തെ തെരുവുകളില്‍ മയക്കുമരുന്ന് കച്ചവടം, അടിപിടി, വെടിവെപ്പ് എന്നിവയെല്ലാം സമീപകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരുടെ സംഘങ്ങളുടെ അക്രമസംഭവങ്ങള്‍ വേറെ.

2019-ല്‍ Grand Canal Greenway-ല്‍ വച്ച് ഒരു സൈക്കിള്‍ യാത്രക്കാരന് നേരെ ഒരു സംഘം വാണം കൊളുത്തിവിടുന്ന ഒരു വീഡിയോ വൈറലായിരുന്നു.

കൗമാരക്കാര്‍ കാറുകള്‍ കുത്തിത്തുന്ന് മോഷണം നടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇവയ്ക്ക് പുറമെ ഡബ്ലിനിലെ മറ്റ് ഏതാനും പ്രദേശങ്ങളിലും സ്ഥരിമായി അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അവയുടെ പട്ടിക ചുവടെ:

  • Tallaght-യിലെ ചില എസ്റ്റേറ്റുകള്‍
  • Mountjoy
  • Summerhill
  • Guinness storehouse (The Liberties) പ്രദേശം
  • Inchicore-ലെ ചില പ്രദേശങ്ങള്‍
  • Rialto, Dolphin’s Bar
  • Blanchardstown-ലെ ചില എസ്റ്റേറ്റ് പ്രദേശങ്ങള്‍

പൊതുവെ ഈ പ്രദേശങ്ങളില്‍ പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഒഴിവാക്കുക. രാത്രികളില്‍ യാത്ര ഒഴിവാക്കുക, പ്രത്യേകിച്ച് വീക്കെന്‍ഡുകളില്‍. വിലകൂടിയ സാധനങ്ങളുമായി യാത്ര ചെയ്യാതിരിക്കുക.

ഒരു പ്രദേശം അപകടകരമാണെന്നുള്ള പൊതുവായ സൂചനകള്‍:

  • ചെറുപ്പക്കാര്‍ കറങ്ങിനടക്കുക
  • മോഡിഫൈ ചെയ്ത് ബൈക്കുകളിലും മറ്റുമായി കൗമാരക്കാരും ചെറുപ്പക്കാരും അമിതവേഗത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോകുക
  • തടികളും മറ്റുമുപയോഗിച്ച് ഉണ്ടാക്കിയ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ കൂടുതലായി ഉണ്ടാകുക
  • ഏറെ മാലിന്യം നിറഞ്ഞിരിക്കുക
  • വാടക, വീടിന്റെ വില എന്നിവ വളരെ കുറഞ്ഞിരിക്കുക
  • ഇടയ്ക്കിടെ പലയിടത്തായി തീ കത്തിച്ചിരിക്കുന്നത് കാണുക
Share this news

Leave a Reply

%d bloggers like this: