അയർലണ്ടിലെ ഭവനരഹിതർ 5000-നു മേലെ; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ രണ്ട് ലക്ഷത്തോളം; ലോകത്ത് ആൾതാമസമില്ലാത്ത ഏറ്റവുമധികം വീടുകളുള്ള രാജ്യങ്ങളുടെ കാര്യത്തിൽ അയർലണ്ട് 10-ആമത്

അയര്‍ലണ്ടിലെ പാര്‍പ്പിടപ്രതിസന്ധി ഉഗ്രരൂപം പ്രാപിക്കുമ്പോഴും ലോകത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട് ആണെന്ന് റിപ്പോര്‍ട്ട്. യു.കെ വെബ്‌സൈറ്റായ money.co.uk-യാണ് ലോകത്ത് ഓരോ രാജ്യത്തും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടത്. പട്ടിക പ്രകാരം ആഗോളതലത്തില്‍ 10-ആം സ്ഥാനമാണ് അയര്‍ലണ്ടിന്.

അയര്‍ലണ്ടിലെ ആകെ വീടുകളില്‍ 9.1% അതായത് 183,312 വീടുകളില്‍ ആള്‍ത്താമസമില്ലെന്നാണ് കണക്ക്. തലചായ്ക്കാന്‍ ഇടമില്ലാതെ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്ന രാജ്യത്താണ് ഇതെന്ന് ഓര്‍മ്മ വേണം.

Organisation for Economic Co-operation and Development (OECD)-യുടെ രേഖകള്‍ പരിശോധിച്ചാണ് വെബ്‌സൈറ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ഏറ്റവുമധികം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്ന രാജ്യം ജപ്പാന്‍ ആണ്. ആകെ വീടുകളില്‍ 13.6% ആണ് അവിടെ ആള്‍ത്താമസമില്ലാതെ കിടക്കുന്നത്.

യൂറോപ്പില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം സൈപ്രസിനാണ് (12.5%). ഹംഗറി (12.3%), ബ്രസീല്‍ (11.1%) ഫിന്‍ലന്‍ഡ് (10.7%) എന്നീ ലോകരാജ്യങ്ങളും തൊട്ടുപിന്നാലെയണ്ട്.

ഭവനപ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടാകട്ടെ ഫ്രാന്‍സ് (7.8%), ഡെന്മാര്‍ക്ക് (5.9%), ഇംഗ്ലണ്ട് (0.9%) എന്നിവയെക്കാളെല്ലാം ആള്‍ത്താമസമില്ലാത്ത പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ മുന്നിലാണെന്നത് ഞെട്ടിക്കുന്നതാണ്.

അയര്‍ലണ്ടില്‍ പാര്‍പ്പിടമില്ലാത്തവരായി 5,873 പേര്‍ ഉണ്ടെന്നാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുമ്പോഴുള്ള കണക്ക്. അതായത് നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളില്‍ വെറും 3.2% ഇവര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയാല്‍ പോലും രാജ്യത്തെ വീടില്ലാത്തവരുടെ എണ്ണം പൂജ്യം എന്ന അഭിമാനനേട്ടത്തിലെത്തും.

അതേസമയം രാജ്യത്ത് ‘vacant home tax’ ഏര്‍പ്പെടുത്തണമെന്ന വാദത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ കണക്ക്. ടാക്‌സ് നല്‍കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമകള്‍ ആരാണ്, എന്തുകൊണ്ടാണ് അവ ഒഴിഞ്ഞുകിടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യു നേരത്തെ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: