അയർലണ്ടിൽ കോവിഡ് ബാധ രൂക്ഷമെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി; കോവിഡിനെ നേരിടാൻ നിർദ്ദേശങ്ങൾ ഇവ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിലും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചനയില്ലെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. ഇന്നലെ 3,726 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2021 ജനുവരി പകുതിക്ക് ശേഷം ഇതാദ്യമായാണ് ഒരേ ദിവസം ഇത്രയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ 493 പേര്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതില്‍ 90 പേര്‍ ഐസിയുവിലാണ്.

ഒരാഴ്ചയ്ക്കിടെ രോഗബാധ നിരക്കിലും കാര്യമായ വര്‍ദ്ധനയുണ്ടായതായി National Public Health Emergency Team (Nphet) വ്യക്തമാക്കുന്നു. നിലവില്‍ 14 ദിവസത്തെ രോഗബാധ നിരക്ക് (incidence rate) ലക്ഷത്തില്‍ 695 പേര്‍ക്ക് വീതം എന്നാണ്. മുന്‍ വാരത്തെ അപേക്ഷിച്ച് 18% അധികമാണിത്.

നിലവില്‍ കടുത്ത നിയന്ത്രണങ്ങളെപ്പറ്റി ആലോചിക്കുന്നില്ലെന്ന് പറഞ്ഞ ഡോനലി, കോവിഡിനെ നേരിടാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ആരോഗ്യനിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുക എന്നിവയിലൂന്നി കോവിഡിനെ മറകടക്കാമെന്നാണ് മന്ത്രി പറയുന്നത്. RTÉ 1 Primetime programme-ല്‍ സംസാരിക്കവേയായിരുന്നു ഡോനലിയുടെ പ്രതികരണം.

നഴ്‌സിങ് ഹോം അടക്കമുള്ള ഇടങ്ങളില്‍ തുടര്‍ച്ചയായ കോവിഡ് ടെസ്റ്റിങ് നടത്തുക, കോവിഡ് പാസ് സാര്‍വത്രികമാക്കുക, PCR ടെസ്റ്റിങ് വര്‍ദ്ധിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 7% ജനങ്ങള്‍ രാജ്യത്തുണ്ടെന്ന് പറഞ്ഞ ഡോനലി, അവരും എത്രയും വേഗം വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു. ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരില്‍ പകുതി പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഡോനലി തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു. ഈ വാരാന്ത്യത്തോടെ പദ്ധതിക്ക് ആരംഭമാകും.

Share this news

Leave a Reply

%d bloggers like this: