കിൽഡെയറിൽ 194 വീടുകൾ കൂട്ടത്തോടെ വാങ്ങാൻ ശ്രമിച്ച കോർപ്പറേറ്റുകൾക്ക് മൂക്കുകയറിട്ട് പ്ലാനിങ് ബോർഡ്

കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ 194 വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ ശ്രമിച്ച വന്‍കിട കമ്പനികളുടെ നീക്കം തടഞ്ഞ് പ്ലാനിങ് ബോര്‍ഡ് (An Bord Pleanála). Cairn Homes ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച വീടുകളാണ് 71 മില്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ വന്‍കിട നിക്ഷേപകര്‍ ശ്രമം നടത്തിയത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ സാധിക്കില്ലെന്നും, വ്യക്തികള്‍ക്ക് മാത്രമേ വീടുകള്‍ വില്‍ക്കാവൂ എന്നും കര്‍ശന നിലപാടെടുക്കുകയായിരുന്നു പ്ലാനിങ് ബോര്‍ഡ്. പ്ലാനിങ് ബോര്‍ഡിന്റ അപ്പീല്‍ സമിതിയുടേതാണ് തീരുമാനം.

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി മുതലെടുത്ത് വന്‍കിട മുതലാളിമാര്‍ വീടുകള്‍ കൂട്ടത്തോടെ വാങ്ങി വാടകയ്ക്ക് കൊടുക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന പ്രവണതയാണ്. സാധാരണക്കാര്‍ക്ക് വീടുകള്‍ ലഭിക്കാത്ത സ്ഥിതി ഇതിലൂടെ ഉണ്ടാകുന്നു. മാത്രമല്ല വന്‍ വാടക നല്‍കി ജനങ്ങള്‍ ഈ വീടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ഈ പ്രവണത അവസാനിപ്പിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടതോടെ പത്തില്‍ അധികം വീടുകള്‍ കൂട്ടത്തോടെ വാങ്ങുമ്പോള്‍ 10% സ്റ്റാംപ് ഡ്യൂട്ടി എന്ന നിയമം സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു.

ഭവനപ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ വീണ്ടും വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ള വന്‍ തിരിച്ചടിയാണ് പ്ലാനിങ് ബോര്‍ഡിന്റെ പുതിയ തീരുമാനം. Maynooth-ലെ Dunboyne Road-ല്‍ 119 വീടുകള്‍, 31 അപ്പാര്‍ട്ട്‌മെന്റുകള്‍, 36 ഡ്യൂപ്ലെക്‌സുകള്‍, എട്ട് സിംഗിള്‍ ബെഡ്‌റൂം പാര്‍പ്പിടങ്ങള്‍ എന്നിവ അടങ്ങിയതാണ് ഈ ഹൗസിങ് പ്രോജക്ട്. പൊതുനന്മയ്ക്കായാണ് ഈ തീരുമാനമെന്ന് പ്ലാനിങ് ബോര്‍ഡ് വ്യക്തമാക്കി. പ്രോജക്ട് നിര്‍മ്മാണ സമയത്ത് തന്നെ വീടുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കച്ചവടം ചെയ്യരുതെന്ന് നിബന്ധനയുണ്ടായിരുന്നുവെന്ന കാര്യവും ബോര്‍ഡ് ചൂണ്ടിക്കാട്ടി. Maynooth Strategic Housing Development (SHD) പ്രകാരമാണ് ഇവിടെ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: