സർക്കാരിന്റെ പുതിയ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ അന്തിമരൂപമായി; 2030-ഓടെ കാർബൺ പുറംതള്ളൽ 51% കുറയ്ക്കുമെന്ന് പ്രതിജ്ഞ; പ്രധാന നിർദ്ദേശങ്ങൾ വായിക്കാം

രാജ്യം അഭിമുഖീകരിക്കുന്ന കാലാവസ്ഥാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന് അന്തിമരൂപമായി. ദിവസേന 5 ലക്ഷം പേര്‍ നടത്തം ശീലമാക്കുക, സൈക്കിള്‍, പൊതുപഗതാഗതം എന്നിവ കൂടുതലായി ഉപയോഗപ്പെടുത്തുക, വൈദ്യുതി നിര്‍മ്മാണത്തിലൂടെയുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 80% കുറയ്ക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. പദ്ധതി മന്ത്രിസഭാ അംഗീകാരത്തിനായി പരിസ്ഥിതി വകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ ഇന്ന് സമര്‍പ്പിക്കും.

രാജ്യത്ത് കൃഷിയില്‍ നിന്നുമുണ്ടാകുന്ന വാതകങ്ങളുടെ പുറന്തള്ളല്‍ 30% വരെ കുറയ്ക്കാനാണ് നിര്‍ദ്ദേശം. അതേസമയം രാജ്യത്തെ കന്നുകാലിസമ്പത്ത് കുറയ്ക്കണമെന്ന് നിലവില്‍ നിര്‍ദ്ദേശങ്ങളില്ല. പകരം നേരത്തെ ഇവയെ പ്രസവിപ്പിക്കുക, നേരത്തെ തന്നെ കശാപ്പ് ചെയ്യുക എന്നിവയാണ് പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്. കന്നുകാലികളുടെ പ്രജനനത്തിനായി നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക, പോഷകങ്ങളുടെ കൃത്യമായ ഉപയോഗം എന്നിവയും പരിഹാര നിര്‍ദ്ദേശങ്ങളാണ്.

2030-ഓടെ രാജ്യത്തെ മാലിന്യം പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ:

കാര്‍ഷികമേഖലയിലെ മലിനവാതകങ്ങളുടെ പുറംതള്ളല്‍ 22%-30% കുറയ്ക്കുക

വൈദ്യുതി നിര്‍മ്മാണത്തിലൂടെയുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 62%-81% കുറയ്ക്കുക

വ്യവസായസംരംഭങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 29%-41% കുറയ്ക്കുക

നിര്‍മ്മാണ മേഖലയിലെ കാര്‍ബണ്‍ പുറംതള്ളല്‍ 44%-56% കുറയ്ക്കുക

ഗതാഗതമേഖലയിലെ കാര്‍ബണ്‍ പുറംതള്ളല്‍ 42%-50% കുറയ്ക്കുക

2030 ആകുമ്പോഴേയ്ക്കും കാറ്റാടിയന്ത്രങ്ങള്‍ വഴി 5,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നും, അതുവഴി ഇന്ധനം കത്തിച്ചുള്ള വൈദ്യുതി നിര്‍മ്മാണം കുറയ്ക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

വീടുകള്‍, കൃഷിയിടങ്ങള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

2023-ഓടെ രാജ്യത്തെ 680,000 വീടുകളില്‍ സമാന്തര ഹീറ്റിങ് സംവിധാനങ്ങള്‍ ഘടിപ്പിക്കും. ഇത് ഹീറ്ററുകളില്‍ നിന്നുള്ള വാതകം പുറംതള്ളലും, അമിത വൈദ്യുതി ഉപയോഗവും കുറയ്ക്കും.

രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ സഞ്ചരിക്കുന്ന ദൂരത്തില്‍ 45% വര്‍ദ്ധനവ് ഉണ്ടാക്കുകയാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുകയും, പരിസ്ഥിതി സൗഹൃദമായ ട്രക്കുകള്‍, ബസുകള്‍, വാനുകള്‍ എന്നിവയ്ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. 2023-ഓടെ പൊതുമേഖലയില്‍ പുതുതായി വാങ്ങപ്പെടുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കിമാറ്റും.

ഈ തീരുമാനങ്ങള്‍ നിലവിലെ EU നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ അയര്‍ലണ്ടിനെ എത്തിക്കുമെന്നും, മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്നുമാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: