എണ്ണം നിയന്ത്രിക്കാനായി ഡബ്ലിൻ ഫീനിക്സ് പാർക്കിൽ ഈയാഴ്ച കൊന്നുതള്ളിയത് 34 മാനുകളെ

ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ മാനുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച കൊന്നുതള്ളിയത് 34 മാനുകളെ. 22 പെണ്‍മാനുകളെയും, 12 ആണ്‍ മാനുകളെയുമാണ് പ്രജനനം നിയന്ത്രിക്കുന്നതിനായി ചൊവ്വാഴ്ച കൊന്നതെന്ന് Office of Public Works (OPW) അറിയിച്ചു.

മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ പലതവണയായി ഇത്തരത്തില്‍ മാനുകളെ കൊല്ലാറുണ്ട്. ഫീനിക്‌സ് പാര്‍ക്കില്‍ നൂറുകണക്കിന് കാട്ടുമാനുകളുണ്ടെന്നും, അയര്‍ലണ്ടില്‍ ഇവയെ ഭക്ഷിക്കുന്ന ഇരപിടിയന്മാരായ മൃഗങ്ങളില്ലാത്തിനാല്‍ മാനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. എണ്ണം കൂടിയാല്‍ ആവശ്യത്തിന് ഭക്ഷണം ഇല്ലാതാകുമെന്നും, എല്ലാജീവജാലങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് മാനുകളുടെ പ്രജനനകാലം. അതിനാലാണ് വര്‍ഷത്തിലെ ഈ മാസങ്ങള്‍ തന്നെ ഇവയെ കൊല്ലാനായി തെരഞ്ഞെടുക്കുന്നത്.

അതേസമയം അധികൃതരുടെ ഈ നടപടിക്കെതിരെ വര്‍ഷങ്ങളായി മൃഗസംരക്ഷകര്‍ വിമര്‍ശനമുയര്‍ത്തുണ്ട്. മൃഗങ്ങളെ കൊല്ലുന്നതിന് പകരമായി ഇവയെ കൂടുതല്‍ വലിയ പ്രദേശങ്ങളിലേയ്ക്ക് മാറ്റുകയോ, ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മാനുകളില്‍ ഉപയോഗിക്കുന്ന ഗര്‍നിരോധനസംവിധാനങ്ങള്‍ക്ക് അയര്‍ലണ്ടില്‍ അംഗീകരമില്ലെന്നാണ് അധികൃതരുടെ വാദം. ഇവയെ കൊല്ലുന്നതാണ് എണ്ണം നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമെന്നും അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: