തങ്ങളുടെ പുതിയ കോവിഡ് ഗുളിക 89% ഫലപ്രദമെന്ന് Pfizer; അനുമതി ലഭിക്കുന്നതോടെ കോർക്കിൽ നിർമ്മാണം ആരംഭിക്കും

തങ്ങൾ വികസിപ്പിച്ചെടുത്ത ഗുളിക കഴിച്ചാൽ കോവിഡ് കാരണമുള്ള ആശുപത്രി വാസവും, മരണനിരക്കും 89% വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അമേരിക്കൻ കമ്പനിയായ Pfizer. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ കോവിഡ് ഗുളിക കണ്ടെത്താൻ Pfizer അടക്കമുള്ള കമ്പനികൾ പരീക്ഷണം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. മികച്ച ഫലം നൽകുന്ന കോവിഡ് വാക്സിൻ നിർമ്മാണം വിജയിച്ചതിനു പിന്നാലെയാണ് മരുന്ന് നിർമ്മാണത്തിനുള്ള പരീക്ഷണങ്ങൾ Pfizer ആരംഭിച്ചത്.

നേരത്തെ മറ്റൊരു കമ്പനിയായ Merck നിർമ്മിച്ച കോവിഡ് പ്രതിരോധ ഗുളികയ്ക്ക് യു.കെ അംഗീകാരം നൽകിയിരുന്നു. 50% ആണ് ഫലപ്രാപ്തി. ഈ ഗുളികയ്ക്ക് അനുമതി നൽകുന്ന കാര്യം അമേരിക്കയിൽ വിദഗ്ദ്ധ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണ്.

തങ്ങളുടെ ഗുളികയും വൈകാതെ തന്നെ അമേരിക്കയിലെയും മറ്റ് ലോക രാജ്യങ്ങളിലെയും ആരോഗ്യ സമിതികൾക്ക് മുമ്പിൽ അനുമതിക്കായി സമർപ്പിക്കുമെന്ന് Pfizer വ്യക്തമാക്കി.

775 രോഗികളിൽ പഠനം നടത്തിയാണ് ഗുളിക 89% ഫലപ്രദമാണെന്ന റിപ്പോർട്ട് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 1% ആളുകൾക്ക് മാത്രമേ ഗുളിക കഴിച്ച ശേഷവും ആശുപത്രി വാസം വേണ്ടി വന്നുള്ളൂ. ആരും മരണപ്പെട്ടില്ല എന്നും കമ്പനി വ്യക്തമാക്കി. ഇവർ ആരും തന്നെ വാക്സിൻ സ്വീകരിച്ചവരും ആയിരുന്നില്ല. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവ കാരണം കൂടുതൽ അപകടാവസ്ഥയിൽ ഉള്ളവരുമായിരുന്നു ഇവർ. കോവിഡ് ബാധിച്ച് 3 മുതൽ 5 ദിവസത്തിനുള്ളിൽ ചികിത്സ ആരംഭിച്ചു. 5 ദിവസം ചികിത്സ നീണ്ടുനിന്നു.

അനുമതി ലഭിച്ചാൽ കോർക്കിലെ Ringaskiddy-യിൽ ഉള്ള തങ്ങളുടെ പ്ലാന്റിൽ കോവിഡ് ഗുളിക നിർമ്മിക്കുമെന്ന് Pfizer അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: