ഡബ്ലിൻ നഗരം കുറ്റവിമുക്തമാക്കാൻ ഉറച്ച് ഗാർഡ; Operation Citizen-ന് തുടക്കം

ഡബ്ലിൻ നഗരത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും,സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും തടയിടാൻ പുതിയ പദ്ധതിയുമായി ഗാർഡ. Operation Citizen എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി 100 ഗാർഡ ഉദ്യോഗസ്ഥർ ഇനി മുതൽ നഗരത്തിലെ Liffey Boardwalk പ്രദേശത്തും, കപ്പൽ തുറകളിലും സ്ഥിരമായി പട്രോളിങ് നടത്തും.

കാൽ നടയായി 20 ഉദ്യോഗസ്ഥർ നടത്തുന്ന പട്രോളിങ്ങിനൊപ്പം മൗണ്ടൈൻ ബൈക്കുകളിലായി 12 ഗാർഡ ഓഫീസർമാർ സിറ്റി സെന്ററിലെ 4 ഗാർഡ സ്റ്റേഷൻ പരിധികളിൽ പട്രോളിങ് നടത്തും.

വൈകിട്ട് 4 മണി മുതൽ പുലർച്ചെ 4 മണി വരെ കപ്പൽത്തുറ പ്രദേശങ്ങളിൽ 8 ഗാർഡകളെ പ്രത്യേകം നിയോഗിക്കും.

മുമ്പ് നടത്തിയ Operation Encounter-ന് സമാനമായി വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഗാർഡ സാന്നിദ്ധ്യം ശക്തമാക്കും. ഒപ്പം National Public Order Unit-ലെ 25 അംഗങ്ങൾ, പ്രാദേശിക ഗാർഡ സായുധ വിഭാഗം, Mounted units, Dog units എന്നിവരുടെ സഹായവും ലഭിക്കും.

നഗരത്തിൽ സ്വൈര്യ ജീവിതം ഉറപ്പാക്കാൻ ഗാർഡ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും, നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും Operation Citizen മായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ഗാർഡ വ്യക്തമാക്കി. ഡബ്ലിൻ ഗാർഡ അസിസ്റ്റന്റ് കമ്മീഷണർ Anne Marie Cagney-യും, പ്രദേശത്തെ ഗാർഡ സൂപ്രണ്ടുമാരും
ഓരോ ദിവസവും ഓപ്പറേഷന്റെ പുരോഗതി വിലയിരുത്തും.

നഗരത്തിൽ ഈയിടെയായി വിവിധ തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും, അക്രമ സംഭവങ്ങളും പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ഗാർഡയുടെ ശക്തമായ ഇടപെടൽ. രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടവും, അതേസമയം ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഇടവും ഡബ്ലിനാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന Central Statistics Office റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാലത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ Anne Marie Cagney പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: