ഗാർഡയെന്നവകാശപ്പെട്ട് ബേസ് ബോളുമായി വയോധികയുടെ വീട്ടിൽ കയറി കൊള്ള; പ്രതിയുടെ ശിക്ഷ വർദ്ധിപ്പിച്ച് കോടതി

ഗാര്‍ഡ ഉദ്യോഗസ്ഥനാണെന്നവകാശപ്പെട്ട് പുര്‍ച്ചെ 4 മണിക്ക് വയോധികയുടെ വീട്ടില്‍ കയറി കൊള്ള നടത്തിയ യുവാവിന്റെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ച് കോടതി. Christopher Jones എന്ന 28-കാരനാണ് 2020 ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ പെന്‍ഷനറായ 83-കാരിയുടെ വീട്ടില്‍ കൊള്ള നടത്തി പണം തട്ടിയെടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ കോടതി നാല് വര്‍ഷം ജയിലിലടയ്ക്കാന്‍ വിധിച്ചെങ്കിലും (5 വര്‍ഷത്തേയ്ക്ക് വിധിച്ച ശിക്ഷയില്‍ അവസാനത്തെ 12 മാസം ഇളവ് ചെയ്തു), Director of Public Prosecutions (DPP)-ന്റെ അപ്പീലില്‍ പ്രിസൈഡിങ് ജഡ്ജ് ശിക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു.

പ്രതിയുടെ ചെയ്തി സ്ത്രീയെ അത്രയധികം ഭയപ്പെടുത്തിക്കാണുമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് John Edwards, പ്രോസിക്യൂഷന്റെ അപ്പീല്‍ അംഗീകരിച്ചു. നേരത്തെ വിധിച്ച ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് പറഞ്ഞ കോടതി ശിക്ഷ ആറ് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ശേഷം അവസാനത്തെ 12 മാസം ഇളവ് ചെയ്തതോടെ, പ്രതി അഞ്ച് വര്‍ഷം തടവില്‍ കഴിയണം. ഒമ്പത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു.

പ്രതിയായ Jones കൊള്ള നടത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും, ആയുധമായി ഒരു ബേസ് ബോള്‍ ബാറ്റ് കൈയില്‍ കരുതിയിരുന്നുവെന്നും പ്രോസ്‌ക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നും കോടതിയില്‍ വാദമുയര്‍ന്നു.

പെട്ടെന്നുണ്ടായ തീരുമാനത്തിന് പുറത്ത് നടത്തിയതല്ല ഈ കൊള്ള എന്ന വാദവും കോടതി അംഗീകരിച്ചു. 2,500 യൂറോയും, 80 സെ്റ്റര്‍ലിങ്ങും ഇയാളും, കൂട്ടാളിയും സ്ത്രീയുടെ വീട്ടില്‍ നിന്നും തട്ടിയെടുത്തിരുന്നു. 200 യൂറോ വച്ചിരുന്ന ഒരു കണ്‍ഫര്‍മേഷന്‍ കാര്‍ഡും ഇവര്‍ കൊള്ളയടിച്ചു.

Share this news

Leave a Reply

%d bloggers like this: