അയർലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങൾ 100% കപ്പാസിറ്റിയോടെ പ്രവർത്തിക്കുന്നത് കോവിഡ് ബാധ വർദ്ധിപ്പിക്കുന്നു; യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തി SIPTU

അയര്‍ലണ്ടിലെ തൊഴിലാളികളെയും, യാത്രക്കാരെയും കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി നിലവില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ 100% കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കുന്ന തടയണമെന്ന് തൊഴിലാളി സംഘടനയായ SIPTU. ഇക്കാര്യം കാട്ടി ഗതാഗതമന്ത്രി ഈമണ്‍ റയാന് തങ്ങള്‍ കത്ത് നല്‍കിയതായും SIPTU പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് ഈയിടെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും പൊതുഗതാഗതം 100% കപ്പാസിറ്റിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഇത് ജോലിക്കാര്‍ക്കും, യാത്രക്കാര്‍ക്കും കോവിഡ് പിടിപെടാന്‍ സാധ്യത കൂട്ടുന്നുവെന്നും SIPTU മേഖലാ നേതാവായ ജോണ്‍ മുര്‍ഫി പറഞ്ഞു. പൊതുഗതാഗത മാര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, അതേസമയം സുരക്ഷയെ കരുതി യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാരാന്ത്യങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെന്നും മുര്‍ഫി അഭിപ്രായപ്പെട്ടു. പൊതുഗതാഗത വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് വാരാന്ത്യങ്ങളില്‍ ചെയ്യുന്നതെന്നും, ഇത് പക്ഷേ ഉള്ള വാഹനങ്ങളില്‍ നിറയെ ആളുകള്‍ തിങ്ങിക്കയറാനാണ് കാരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച് തൊഴിലാളികളുമായോ, പ്രതിനിധികളുമായോ കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മുര്‍ഫി വിമര്‍ശിച്ചു. ഗതാഗതമന്ത്രിയുമായി തങ്ങള്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും, നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വിവിധ പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലായി 4,500-ലേറെ തൊഴിലാളികള്‍ SIPTU അംഗങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: