ലയണൽ മെസ്സിക്ക് ബലോൻ ദി ഓർ പുരസ്‌കാരം; തേടിയെത്തുന്നത് ഏഴാം തവണ

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ബലോന്‍ ദി ഓര്‍ പുരസ്‌കാരം. ഇത് ഏഴാം തവണയാണ് 34-കാരനായ മെസ്സിക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കിവരുന്ന അഭിമാനകരമായ പുരസ്‌കാരം ലഭിക്കുന്നത്.

2020-21 കാലയളവിലെ പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇക്കാലയളവില്‍ അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്ക കപ്പും, മുന്‍പത്തെ ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് വേണ്ടി കോപ്പ ഡെല്‍ റേ കിരീടവും നേടുന്നതില്‍ മെസ്സി മുഖ്യ പങ്ക് വഹിച്ചിരുന്നു.

ലോകത്ത് ഏറ്റവുമധികം തവണ ബലോന്‍ ദി ഓര്‍ നേടിയ താരമെന്ന ഖ്യാതി മെസ്സി നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസ്സി കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ പുരസ്‌കാരം സ്വന്തമാക്കിയത്- അഞ്ച് തവണ.

ഇത്തവണ പോളിഷ് സ്‌ട്രൈക്കറും, ജര്‍മ്മന്‍ ക്ലബ്ബ് ബയണ്‍ മ്യൂണിക് താരവുമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഇറ്റാലിയന്‍ താരവും, ചെല്‍സിയുടെ കരുത്തുമായ ജോര്‍ജ്ജിഞ്ഞോ എന്നിവരില്‍ നിന്നുമാണ് പുരസ്‌കാരത്തിനായി മെസ്സിക്ക് വെല്ലുവിളികളുണ്ടായിരുന്നത്. നേരത്തെ 2009, 2010, 2011, 2012 എന്നിങ്ങനെ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളിലും, പിന്നീട് 2015, 2019 വര്‍ഷങ്ങളിലും മെസ്സി പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

നിലവില്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെയും താരമാണ് മെസ്സി.

Share this news

Leave a Reply

%d bloggers like this: