ഡെലിവെറിക്ക് എന്ന വ്യാജേന എത്തി അപ്പെർമെന്റുകളിൽ മോഷണം; ആമസോൺ ജീവനക്കാർ അറസ്റ്റിൽ

ഡബ്ലിനിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ പിടിയില്‍. ഡബ്ലിനില്‍ ഡെലിവറി ജോലി ചെയ്തുവന്ന George Adrian Rus (25), Onisor Circa (26) എന്നിവരെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇവരെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു.

നവംബര്‍ 30-ന് Clongriffin-ലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഇരുവരും റൊമാനിയന്‍ സ്വദേശികളാണ്.

ആമസോണ്‍ പാഴ്‌സലുകള്‍ ഡെലിവറി ചെയ്യുന്നതിനായി കരാര്‍ എടുത്ത കമ്പനിയിലായിരുന്നു ഇവര്‍ക്ക് ജോലി. എന്നാല്‍ ഡെലിവറിക്ക് എന്ന വ്യാജേന ഇവര്‍ വിവിധ അപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുകയും, അവിടങ്ങളിലെ പാഴ്‌സലുകള്‍ മോഷണം നടത്തുകയുമായിരുന്നു എന്നാണ് ഗാര്‍ഡ പറയുന്നത്. ഒരു വെളുത്ത വാനും ഇവര്‍ ഉപയോഗിച്ചതായി ഗാര്‍ഡ കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് ഇവരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ വിലയേറിയ മോഷണ സാധനങ്ങള്‍ കണ്ടെടുത്തതായും ഗാര്‍ഡ വ്യക്തമാക്കി. George Adrian Rus-നെതിരെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസും നിലനില്‍ക്കുന്നുണ്ട്.

രാജ്യം വിടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇവരുടെ ജാമ്യത്തെ ഗാര്‍ഡ എതിര്‍ത്തെങ്കിലും, ഇരുവര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 6,000 യൂറോയുടെ ജാമ്യക്കാര്‍ വേണമെന്ന ഉപാധി പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇരുവരെയും വീണ്ടും ഗാര്‍ഡയുടെ കസ്റ്റഡിയില്‍ വിട്ടത്.

Share this news

Leave a Reply

%d bloggers like this: