അയർലണ്ടിലെ നിയമവും കുട്ടികളും; ഭാഗം 6: കുട്ടികളും ക്രിമിനൽ കുറ്റങ്ങളും

അയര്‍ലണ്ടിലെ നിയമവും കുട്ടികളും അവസാന ഭാഗം. ഭാഗം 6: കുട്ടികളും ക്രിമിനല്‍ കുറ്റങ്ങളും, രക്ഷിതാക്കളുടെ ഉത്തരവാദിത്തം

കുട്ടികളുടെ സംരക്ഷണവും രക്ഷിതാക്കളും

ആശ്രിതരായ കുട്ടികളെ (dependent children) സംരക്ഷിക്കുക എന്നത് നിയമപ്രകാരം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്.

18 വയസിന് താഴെ പ്രായമുള്ളവരെയാണ് പൊതുവെ ആശ്രിതരായ കുട്ടികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം 18 വയസിന് മുകളില്‍ 23 വയസ് വരെ പ്രായമുള്ള മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളും ഇതേ ഗണത്തില്‍ പെടുന്നു.

കുട്ടികളെ രക്ഷിതാക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍, രക്ഷിതാക്കളില്‍ നിന്നും പിരിയോഡിക്കല്‍ മെയിന്റനന്‍സ് പേയ്‌മെന്റ്‌സ് (periodical maintenance payments) കുട്ടിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടേക്കാം. ഇതിനായി ഒരു തുക രക്ഷിതാക്കള്‍ മാറ്റി വയ്‌ക്കേണ്ടിയും വന്നേക്കാം.

കുട്ടികളും സ്വന്തം വീടും

16 വയസ് തികഞ്ഞ കുട്ടികള്‍ക്ക് സ്വന്തം വീട് വിട്ട് വേറെ താമസിക്കാം. പക്ഷേ ഇതിന് രക്ഷിതാവിന്റെ സമ്മതം ലഭിച്ചിരിക്കണം. 18 വയസ് തികഞ്ഞാല്‍ സമ്മതം ആവശ്യമല്ല.

16 വയസ് തികഞ്ഞവര്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ വീട് വിട്ടുപോകുകയും, അവര്‍ ഭവനരഹിതരോ, അപകടാവസ്ഥയില്‍ ആണെന്നോ കണ്ടാല്‍ ശിശുസംരക്ഷണ സംഘടനയായ Tusla ഇടപെടുകയും, നടപടിയെടുക്കുകയും ചെയ്യും.

ദത്തെടുക്കപ്പെട്ടവര്‍ക്ക് സ്വന്തം രക്ഷിതാക്കളെ കണ്ടെത്താന്‍

ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കള്‍ ആരെന്നറിയാന്‍ അവകാശമുണ്ട്. ഇതിനായി Adoption Authority-യുടെ National Adoption Contact Preference Register-ല്‍ വിവരങ്ങള്‍ നല്‍കാം. 18 വയസ് തികഞ്ഞവര്‍ക്കാണ് ഇതിന് സാധിക്കുക.

കുട്ടികളും ക്രിമിനല്‍ കുറ്റങ്ങളും

കുട്ടികളെ കുറ്റകൃത്യം ചെയ്തവരായി പരിഗണിക്കപ്പെടുക 12 വയസ് മുതലാണ്. അതായത് 12 വയസ് തികയാത്ത കുട്ടികള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വകുപ്പില്ല. എന്നിരുന്നാലും 10, 11 പ്രായക്കാരായ കുട്ടികളുടെ മേല്‍ കൊലപാതകം, നരഹത്യ, പീഡനം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്നതാണ്.

14 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് മേല്‍ കുറ്റം ചുമത്തിയാല്‍ Director of Public Prosecutions-ന്റെ അനുമതിയില്ലാതെ തുടര്‍നടപടികള്‍ സാധ്യമല്ല.

12 വയസിന് താഴെയുള്ള കുട്ടികള്‍

12 വയസിന് താഴെയുള്ള കുട്ടികള്‍ കുറ്റം ചെയ്യുകയും, അതേസമയം കുറ്റം ചുമത്താന്‍ സാധിക്കുകയും ചെയ്യാത്ത സാഹചര്യങ്ങളില്‍ കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിക്കുകയാണ് ഗാര്‍ഡ ചെയ്യുക. ഇതിന് പറ്റിയില്ലെങ്കില്‍ Tusla-യെ ഏല്‍പ്പിക്കും. കുട്ടിയുടെ കുറ്റവുമായി ബന്ധപ്പെട്ട കേസ് Tusla വഴിയാകും നടത്തുക, കോടതി വഴിയാകില്ല.

കുട്ടികളെ ഗാര്‍ഡ സ്‌റ്റേഷനില്‍ കൊണ്ടുപോകാമോ?

കൊണ്ടുപോകാം. കുട്ടികളെ സ്റ്റേഷനിലെത്തിച്ചാല്‍ കുട്ടി സ്റ്റേഷനിലുള്ള മറ്റ് പ്രായപൂര്‍ത്തിയായ കുറ്റവാളികളുമായി ഒരുതരത്തിലും ബന്ധപ്പെടുന്നില്ലെന്ന് ഉത്തരവാദിത്തമുള്ള ഗാര്‍ഡ ഓഫിസര്‍ ഉറപ്പാക്കണം.

രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലല്ലാതെ കുട്ടിയെ ഗാര്‍ഡ ചോദ്യം ചെയ്യാന്‍ പാടില്ല. അതേസമയം രക്ഷിതാക്കള്‍ എത്താന്‍ ഏറെ വൈകുകയോ, ചോദ്യം ചെയ്യാത്തത് കാരണം ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കുട്ടിയെ ചോദ്യം ചെയ്യാന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ട്.

കുട്ടികളുടെ കോടതി

കുറ്റം ചുമതപ്പെട്ട കുട്ടികളുടെ വിചാരണ നടക്കുക കുട്ടികളുടെ കോടതിയിലാണ്. കുട്ടിയെ രക്ഷിതാക്കളില്‍ നിന്നും മാറ്റി ശിക്ഷ നല്‍കി പാര്‍പ്പിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

10-16 പ്രായക്കാരായ കുട്ടികളെ ശിക്ഷയുടെ ഭാഗമായി അയയ്ക്കുക Oberstown Children Detention Campus-ലേയ്ക്കാണ്. 2017 മാര്‍ച്ച് 31-ന് ശേഷം ശിക്ഷ വിധിക്കപ്പെടുന്ന 17 വയസ് പ്രായക്കാരെയും ഇവിടേയ്ക്കാണ് അയയ്ക്കുക.

മറ്റ് വഴികളൊന്നും ഇല്ല എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിക്ക് കുട്ടികളെ ഇത്തരത്തില്‍ തടവിന് വിധിക്കാന്‍ സാധിക്കൂ. ഇവിടങ്ങളില്‍ സ്‌കൂളിങ് സംവിധാനവും ഉണ്ടാകും. Irish Youth Justice Service ആണ് Oberstown Children Detention Campus-ന് ഫണ്ട് ലഭ്യമാക്കുന്നത്.

18 വയസും, അതിന് മുകളിലും പ്രായമുള്ളവരെ ജയിലിലേയ്ക്കാണ് അയയ്ക്കുക.

കുട്ടികള്‍ക്കുള്ള തടവ് കേന്ദ്രങ്ങള്‍ പുറമെ മറ്റ് പലവിധ പ്രോഗ്രാമുകളായും ശിക്ഷ വിധിക്കാവുന്നതാണ്.

തെരഞ്ഞെടുപ്പും കുട്ടികളും

അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പ്, അഭിപ്രായ വോട്ടെടുപ്പ് എന്നിവയില്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആ വ്യക്തിക്ക് രജിസ്റ്റര്‍ പുതുക്കുന്ന സമയത്ത് (ഫെബ്രുവരി 15) 18 വയസ് തികഞ്ഞിരിക്കണം.

എന്നിരുന്നാലും അപേക്ഷ നല്‍കാനുള്ള തീയതി കഴിഞ്ഞ്, അതേസമയം വോട്ടെടുപ്പ് തീയതിക്ക് മുമ്പായാണ് 18 വയസ് തികയുന്നതെങ്കില്‍ രജിസ്റ്ററില്‍ പേര് ചേര്‍ക്കാം. ഇങ്ങനെ അപേക്ഷ നല്‍കുന്നുവെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സമര്‍പ്പിക്കണം.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം ചുവടെ:

  • പ്രാദേശിക തെരഞ്ഞെടുപ്പ് – 18 വയസ്
  • ദേശീയ, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ – 21 വയസ്
  • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് – 35 വയസ്
  • കുട്ടികളും കരാറുകളും

നിയമപരമായ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ആ വ്യക്തിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. അതേസമയം കുട്ടിക്ക് ഗുണകരമാകുന്ന contracts for necessaries and beneficial contracts of service പ്രകാരമുള്ള കരാറില്‍ ഇതിന് മുമ്പും ഏര്‍പ്പെടാം. ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ ഇതില്‍പ്പെടും.

ബാങ്ക് അക്കൗണ്ട്

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണായി സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളാണ് നല്‍കുക. ചെറിയ തുക നല്‍കി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ATM, Debit Card എന്നിവ കൂടി നല്‍കിയേക്കാം. അതേസമയം അക്കൗണ്ടില്‍ എപ്പോഴും മിനിമം തുക ഉണ്ടായിരിക്കണം. പിന്‍വലിക്കാവുന്ന പണത്തിന് പരിധിയുണ്ടാകും. ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കില്ല. സാധാരണയായി ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് നല്‍കേണ്ടിവരാറില്ല.

18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ സാധാരണഗതിയില്‍ കറന്റ് അക്കൗണ്ട് എടുക്കാന്‍ സാധിക്കൂ.

16 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടിന് രക്ഷിതാവിന്റെ ഒപ്പ് വേണ്ടിവന്നേക്കാം.

ജൂറി സര്‍വീസ്

18 വയസ് തികഞ്ഞ, Register of Electors-ല്‍ പേര് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ കോടതിയില്‍ ജൂറി അംഗമാകാന്‍ സാധിക്കൂ.

വില്‍പ്പത്രം

18 വയസിന് താഴെയുള്ളവര്‍ക്ക് വില്‍പ്പത്രം ഉണ്ടാക്കാന്‍ സാധിക്കില്ല.

പേര് മാറ്റം

പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കുട്ടിയുടെ ജനന രജിസ്റ്റര്‍ പ്രകാരമുള്ള സര്‍ നെയിം മാറ്റാന്‍ സാധിക്കൂ. അതേസമയം deed poll, common usage എന്നിവ അനുസരിച്ച് പേര് മാറ്റാം.

ഇരു രക്ഷിതാക്കളുടെയും സമ്മതപ്രകാരം 14 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് സ്വന്തമായി deed poll നടത്താം. 14 വയസിന് താഴെയാണെങ്കില്‍ രക്ഷിതാവാണ് poll നടത്തേണ്ടത്. പക്ഷേ ഇതിന് കുട്ടിയുടെ മറ്റേ രക്ഷിതാവിന്റെയും സമ്മതം ലഭിച്ചിരിക്കണം.

18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ആരുടെയും സമ്മതമില്ലാതെ തന്നെ deed poll നടത്തി പേര് മാറ്റാം.

ഭാഗം 5: കുട്ടികളും ആരോഗ്യസംരക്ഷണവും, കുട്ടികളും ലൈംഗികതയും: https://www.rosemalayalam.com/20211203091028/112114/

അയർലണ്ടിലെ നിയമവും കുട്ടികളും ഭാഗം 4: കുട്ടികൾക്ക് കാണാവുന്ന സിനിമകൾ, കുട്ടികളും വളർത്തുമൃഗങ്ങളും, കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങൾ: https://www.rosemalayalam.com/20211130113935/112027/

അയർലണ്ടിലെ നിയമങ്ങൾ ഭാഗം 3: കുട്ടികളും വിദേശയാത്രയും, കുട്ടികളും ലഹരിവസ്തുക്കളും: https://www.rosemalayalam.com/20211129090743/111994/

അയർലണ്ടിലെ കുട്ടികളുടെ അവകാശങ്ങൾ ഭാഗം 2: കുട്ടികളും വാഹനങ്ങളും: https://www.rosemalayalam.com/20211128080600/111981/

ഭാഗം 1 വായിക്കാം: അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്? https://www.rosemalayalam.com/20211127074524/111964/

Share this news

Leave a Reply

%d bloggers like this: