നാശം വിതച്ച് ബാര; 59,000 വീടുകളിൽ വൈദ്യുതി മുടങ്ങി; 12 കൗണ്ടികളിൽ സ്‌കൂളുകൾക്ക് ഇന്നും അവധി

ബാര കൊടുങ്കാറ്റ് ശക്തമായി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് അയര്‍ലണ്ടില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള കൗണ്ടികളിലെ സ്‌കൂളുകള്‍ ഇന്നും അടച്ചിടാന്‍ നിര്‍ദ്ദേശം. Dublin, Donegal, Sligo, Leitrim, Cork, Kerry, Waterford, Limerick, Clare, Galway, Mayo, Wexford എന്നീ 12 കൗണ്ടികളിലെ സ്‌കൂളുകളാണ് അടച്ചിടുക.

റെഡ്, ഓറഞ്ച് അലര്‍ട്ടുകളില്ലാത്ത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ പതിവ് പോലെ തുറക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്‌കൂളിന് സമീപത്തും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കുക മറ്റ് അപകടരമായ വസ്തുക്കള്‍ വീണ് കിടക്കുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം മാനേജ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കണമെന്നും വകുപ്പ് പ്രത്യേകം അറിയിച്ചു. യെല്ലോ അലേര്‍ട്ട് നിലവിലുള്ള പ്രദേശങ്ങളില്‍, പ്രാദേശികമായ വല്ല ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയാണെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാം.

ഇന്നലെ ബാര കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 59,000-ഓളം വീടുകളിലും, സ്ഥാപനങ്ങളിലും വൈദ്യുതി പ്രവാഹം നിലച്ചു. 130 കിലോമീറ്ററോളം വേഗത്തിലാണ് കാറ്റ് ആഞ്ഞടിച്ചത്. ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണാണ് മിക്കയിടത്തും വൈദ്യുത തടസ്സം നേരിട്ടിരിക്കുന്നത്.

റോഡുകളിലും മറ്റും മരങ്ങളും, മറ്റ് വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു. ഇവ മാറ്റാന്‍ പ്രതിരോധസേനയുടെ സഹായം തേടിയിട്ടുണ്ട്.

ഇതിനിടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് ഡബ്ലിനില്‍ ഏതാനും പേര്‍ കടലില്‍ നീന്താന്‍ പോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തു.

വീടുകളിലോ, സ്ഥാപനങ്ങളിലോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുകയോ, അപകടാവസ്ഥ നേരിടുകയോ ചെയ്യുന്നുണ്ടെങ്കില്‍ 1800 372 999 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.powercheck.ie വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വീട്ടിലോ, റോഡിലോ ഗ്യാസ് ലീക്കിങ് പോലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1800 20 50 50 എന്ന നമ്പറില്‍ അറിയിക്കണം.

കടലിലോ, ബീച്ചിലോ പോകരുതെന്ന മുന്നറിയിപ്പ് ഇന്നും തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: