ഒമൈക്രോൺ ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂട്ടിയേക്കുമെന്ന് ആരോഗ്യമന്ത്രി; ഓരോ മാസവും അയർലണ്ടിൽ 200 പേർ വീതം കോവിഡ് ബാധിച്ച് മരിക്കുന്നു

അയര്‍ലണ്ടിലെ ജനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറയാന്‍ സാഹചര്യമൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. കഴിഞ്ഞ ജനുവരി മാസത്തില്‍ ഉണ്ടായതിലുമേറെ തിക്കും തിരക്കും ആശുപത്രികളില്‍ ഉണ്ടായേക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാജ്യത്ത് 24 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ അയര്‍ലണ്ടിലെ ആകെ ഒമൈക്രോണ്‍ ബാധ 42 ആയി. ഇന്നലെ 4,235 പേര്‍ക്ക് കോവിഡ് ബാധയും സ്ഥിരീകരിച്ചു. ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 5,835 ആണ്.

യു.കെയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നും, ഇതാണ് അയര്‍ലണ്ടിന് ഭീഷണിയായിരിക്കുന്നതെന്നും ഡോനലി പറഞ്ഞു. ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയര്‍ലണ്ടില്‍ കോവിഡ് മരണങ്ങള്‍ ഏറുന്നുവെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓരോ മാസവും ശരാശരി 200 പേര്‍ വീതം കോവിഡ് ബാധിതരായി മരണപ്പെട്ടുവെന്നാണ് Health Protection Surveillance Centre (HPSC)-ന്റെ പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നത്. രാജ്യത്ത് വൈറസ് ബാധ വളരെ വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സെപ്റ്റംബറില്‍ 177, ഒക്ടോബറില്‍ 207, നവംബറില്‍ 214 എന്നിങ്ങനെയാണ് അയര്‍ലണ്ടില്‍ സംഭവിച്ച കോവിഡ് മരണങ്ങള്‍. ഡിസംബര്‍ മാസം 47 മരണങ്ങളാണ് ഇതുവരെ HSE സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: