വ്യാപകമായി തെറ്റായ പോസിറ്റീവ് ഫലം നൽകുന്നതായി പരാതി; ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമ്മാതാക്കളായ Genrui കമ്പനിക്കെതിരെ അയർലണ്ടിൽ അന്വേഷണം

അയര്‍ലണ്ടില്‍ നടത്തുന്ന പല ആന്റിജന്‍ ടെസ്റ്റുകളും തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ Health Products Regulatory Authority (HPRA)-യും, ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി Genrui-യും.

Genrui SARS-CoV-2 Rapid Antigen Test Kit വഴി നടത്തിയ ടെസ്റ്റുകളെക്കുറിച്ചാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഫാര്‍മസികള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ടെസ്റ്റ് കിറ്റ് ലഭ്യമാണ്. കിറ്റ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചതായും, European Competent Authorities-മായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും HPRA വക്താവ് വ്യക്തമാക്കി.

ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി Genrui-യും വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി Genrui കിറ്റ് ഉപയോഗിച്ച് നടത്തിയ ടെസ്റ്റുകളില്‍ നൂറുകണക്കിന് തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായാണ് കോര്‍ക്കിലെ പീഡിയാട്രിക് ഡോക്ടറായ Dr Niamh Lynch പറയുന്നത്. ഇക്കാര്യം വിശദമാക്കി ഡോക്ടര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്.

ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായ ശേഷം PCR ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവ് ഫലം ലഭിച്ചതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം തെറ്റായ ഫലങ്ങള്‍ വ്യാപകമായതോടെ രാജ്യത്തെ പല ഷോപ്പുകളും Genrui കിറ്റുകള്‍ സ്റ്റോക്ക് ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം ഇവ വ്യാപകമായി ലഭ്യമായിരുന്നു.

അയര്‍ലണ്ടിന് പുറമെ ജര്‍മ്മനി പോലുള്ള രാജ്യങ്ങളിലും Genrui ആന്റിജന്‍ ടെസ്റ്റുകള്‍ തെറ്റായ ഫലം നല്‍കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്.

ചൈനീസ് കമ്പനിയായ Genrui-ക്ക് EU-വില്‍ കിറ്റ് വില്‍പ്പന നടത്താന്‍ അനുമതിയുണ്ട്. ലോകമെമ്പാടും 120-ഓളം രാജ്യങ്ങളിലാണ് Genrui കിറ്റുകള്‍ ഉപയോഗിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ടെസ്റ്റ് ഫലങ്ങളുടെ കൃത്യത പരമപ്രധാനമാണെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും, വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും Genrui അറിയിച്ചിട്ടുണ്ട്.

PCR-നെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റുകള്‍ പൊതുവെ ശരിയായ ഫലം നല്‍കാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍, അതിവേഗം റിസല്‍ട്ട് എന്നതാണ് ആന്റിജന്‍ ടെസ്റ്റുകള്‍ ജനകീയമാകാന്‍ കാരണം.

ആന്റിജന്‍ ടെസ്റ്റ് വഴി തെറ്റായ ഫലം ലഭിച്ചുവെന്ന് തോന്നിയാല്‍ തങ്ങളെ അറിയിക്കണമെന്ന് HPRA വ്യക്തമാക്കിയിട്ടുണ്ട്. ഇമെയില്‍ വഴി വിവരമറിയിക്കാം: devicesafety@HPRA.ie.

Share this news

Leave a Reply

%d bloggers like this: