ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ 17-കാരിക്ക് ഗുരുതര പരിക്ക്; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കാമെന്ന് ഡോക്ടർമാർ

ഡബ്ലിനില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് 17-കാരിയായ Alanna Quinn Idris-ന് നേരെ Ballyfermot Road-ല്‍ വച്ച് നാല് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ Alanna-യെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Alanna-യ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒരു ആണ്‍സുഹൃത്തിനും മര്‍ദ്ദനമേറ്റു. ഇദ്ദേഹത്തിന് കത്തി കൊണ്ട് കുത്തും ഏറ്റിട്ടുണ്ട്.

Alanna-യുടെ കണ്ണിലെ കൃഷ്ണമണിക്കും, പല്ലിനും പരിക്കേല്‍ക്കുകയും, എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കവിളിനും, കണ്‍പോളകള്‍ക്കും പരിക്കുണ്ട്. പെണ്‍കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകാന്‍ 90% സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

തന്റെ മകളുടെ കാഴ്ച ശക്തി പോകാതെ കാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് Alanna-യുടെ അമ്മ GoFundMe-യില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. ഒരത്ഭുതം സംഭവിക്കന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. Alanna-യുടെ ജീവന്‍ രക്ഷിക്കാനായി സുഹൃത്ത് ശ്രമിച്ചതായും, അതിനിടെ അദ്ദേഹത്തിനും പരിക്കേറ്റതായും അമ്മ പറഞ്ഞു.

Alanna-യുടെ ചികിത്സാ സഹായത്തിനായി GoFundMe-യില്‍ ഒരു ധനസമാഹരണ കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ നല്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.gofundme.com/f/rally-around-alanna-and-hero-friend

ഇതുവരെ 24,121 യൂറോ കാംപെയിന്‍ വഴി സമാഹരിച്ചിട്ടുണ്ട്. ലഭിക്കുന്ന പണം Alanna-യുടെയും, സുഹൃത്തിന്റെയും ചികിത്സയ്ക്കായി ചെലവഴിക്കും.

Ballyfermot Civic Centre-ന് സമീപമായിരുന്നു Alanna-യ്ക്കും സുഹൃത്തിനും നേരെ ആയുധമുപയോഗിച്ചുള്ള ആക്രമണം. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

നേരത്തെ ബസില്‍ വച്ച് തന്നെ ശല്യം ചെയ്ത ആളോട് Alanna പ്രതികരിച്ചതാണ് പിന്നീട് പിന്തുടര്‍ന്നുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സംശയം.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ ഗാര്‍ഡയ്ക്ക് വിവരങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും ഗാര്‍ഡ പരിശോധിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: