2021-ൽ ഐറിഷ് സർക്കാരിന് ലഭിച്ചത് റെക്കോർഡ് ടാക്സ് വരുമാനം; ഏറ്റവും വലിയ നേട്ടം ഇൻകം ടാക്സ് ഇനത്തിൽ

അയര്‍ലണ്ടില്‍ 2021-ല്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 68.4 ബില്യണ്‍ എന്ന റെക്കോര്‍ഡ് തുക. നേരത്തെ പ്രതീക്ഷിച്ചതിലും വമ്പന്‍ നേട്ടമാണ് ടാക്‌സ് പിരിവ് വഴി സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് ആരംഭിച്ചതോടെ കോര്‍പ്പറേഷന്‍ ടാക്‌സ്, ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് എന്നിവയിലുണ്ടായ വര്‍ദ്ധനയാണ് കോവിഡ് കാലത്ത് വലിയ പ്രിതസന്ധിയില്ലാതെ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിന് കരുത്തായത്.

അതേസമയം 2021-ലെ സര്‍ക്കാരിന്റെ ചെലവ് 87.5 ബില്യണ്‍ യൂറോ ആണെന്നാണ് കണക്ക്. സര്‍ക്കാര്‍ ഖജനാവില്‍ പോയ വര്‍ഷം 7.4 ബില്യണ്‍ യൂറോയുടെ കമ്മിയാണ് ഉള്ളതെന്നും ധനകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020-ല്‍ 12.3 ബില്യണ്‍ യൂറോയുടെ കമ്മിയാണ് ഉണ്ടായിരുന്നത്.

നേരത്തെ 2021-ല്‍ ഖജനാവിന് 13.3 ബില്യണ്‍ യൂറോയുടെ കമ്മി ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും, കമ്മിയില്‍ പ്രതീക്ഷിച്ചതിലും 5.9 ബില്യണ്‍ യൂറോയുടെ കുറവ് സംഭവിച്ചത് ആശ്വാസകരമാണ്.

2020-നെക്കാള്‍ 11.2 ബില്യണ്‍ അധികം ടാക്‌സ് 2021-ല്‍ സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 ശതമാനത്തളമാണ് ടാക്‌സ് വരുമാനത്തിലെ വര്‍ദ്ധന.

വരുമാനത്തില്‍ ഏറിയ പങ്കും ഇന്‍കം ടാക്‌സ് ഇനത്തിലാണ്. VAT ഇനത്തില്‍ 15.4 ബില്യണ്‍ യൂറോയും ലഭിച്ചു.

മരുന്നിനും മറ്റും ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വന്‍ നേട്ടുമുണ്ടാക്കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നും വലിയ തുക തന്നെ കോര്‍പ്പറേഷന്‍ ടാക്‌സായി പിരിഞ്ഞുകിട്ടിയിട്ടുണ്ട്. 2020-നെ അപേക്ഷിച്ച് 29.5% ആണ് കോര്‍പ്പറേഷന്‍ ടാക്‌സിലെ വരുമാന വര്‍ദ്ധന.

2021-ല്‍ Economic Cooperation and Development (OECD) നിര്‍ദ്ദേശപ്രകാരം ഗ്ലോബല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് 15% ആക്കാന്‍ ഐറിഷ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. നേരത്തെ 12.5% ആയിരുന്ന അയര്‍ലണ്ടിലെ ടാക്‌സ് OECD-യിലെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും ആവശ്യപ്രകാരം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒടുവില്‍ സമ്മതമറിയിക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന് വലിയ കോര്‍പ്പറേഷന്‍ ടാക്‌സ് നഷ്ടം ഉണ്ടാകുമെന്ന ഭയം ശക്തമായിരുന്നെങ്കിലും, മറിച്ച് ടാക്‌സ് അധികമാകുകയാണ് ഫലത്തില്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: