അയർലണ്ടിൽ നഴ്‌സിങ് ഹോമുകൾ സന്ദർശിക്കാൻ ഇനി സ്വയം കോവിഡ് ടെസ്റ്റ് നടത്തുക നിർബന്ധം; നിയന്ത്രണം ഇന്ന് മുതൽ

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനിമുതല്‍ എല്ലായ്‌പോഴും സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് Health Protection Surveillance Centre (HPSC). ഇന്ന് മുതല്‍ നിയന്ത്രണം നിലവില്‍ വരും.

രോഗലക്ഷണം ഇല്ലെങ്കിലും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവര്‍ ആഴ്ചയില്‍ രണ്ട് തവണ ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. സ്വന്തമായി നടത്താവുന്ന ആന്റിജന്‍ ടെസ്റ്റ് മതിയാകുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വല്ലപ്പോഴും മാത്രം സന്ദര്‍ശനം നടത്തുന്നവരാണെങ്കില്‍, സന്ദര്‍ശനത്തിന് മുമ്പ് ഒരു തവണ ടെസ്റ്റ് നടത്തിയാല്‍ മതിയാകും.

കെയര്‍ ഹോമുകളിലും, നഴ്‌സിങ് ഹോമുകളിലും കഴിയുന്നവരിലേയ്ക്ക് അതീവവ്യാപന ശേഷിയുള്ള ഒമൈക്രോണ്‍ അടക്കമുള്ള കോവിഡ് വകഭേദങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് HPSC കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം ഈ നിയന്ത്രണത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചില നഴ്‌സിങ് ഹോമുകളില്‍ ഓരോ തവണ സന്ദര്‍ശിക്കുന്നതിന് മുമ്പും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മറ്റ് ചിലയിടങ്ങള്‍ സന്ദര്‍ശകരെ അപ്പാടെ നിരോധിച്ചിട്ടുമുണ്ട്. അന്തേവാസികള്‍ക്കും, അവരുടെ കുംടുംബാംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നിയന്ത്രണങ്ങളെന്നും പരാതി ഉയരുന്നു.

ഇതിനെതിരെ നഴ്‌സിങ് ഹോം അന്തേവാസികളുടെയും, കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Sage Advocacy രംഗത്ത് വന്നിട്ടുണ്ട്. അന്തേവാസികളും, കുടുംബവും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുക എന്ന മൗലികമായ അവകാശത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും, സ്ഥിരമായി ആന്റിജന്‍ കിറ്റ് വാങ്ങി ടെസ്റ്റ് നടത്തുക എന്നത് വരുമാനം കുറഞ്ഞവര്‍ക്ക് താങ്ങാനാകുന്നതല്ലെന്നും Sage Advocacy വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: