കൗമാരക്കാർക്കിടയിൽ വില്ലനായി ഇ-സിഗരറ്റ്; സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് HSE

അയര്‍ലണ്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് HSE. രാജ്യത്ത് ഇ-സിഗരറ്റുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്നും HSE-യുടെ Tobacco Free Programme മേധാവിയായ Martina Blake പറഞ്ഞു.

ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും, ഭാവിയില്‍ ഇവര്‍ യഥാര്‍ത്ഥ സിഗരറ്റ് ശീലമാക്കാനുള്ള സാധ്യത കൂടുതലാണെന്നും Blake പറയുന്നു.

25 വയസിന് താഴെ പ്രായമുള്ള 14% പേരാണ് തങ്ങള്‍ ഒരിക്കലെങ്കിലും ഇ-സിഗരറ്റ് ഉപയോഗിച്ചതായി ഈയിടെ നടത്തിയ Healthy Ireland സര്‍വേയില്‍ പ്രതികരിച്ചത്. 4% പേര്‍ ഇപ്പോഴും അത് ഉപയോഗിക്കുന്നു.

2019-ല്‍ European School Survey Project on Alcohol and Drugs നടത്തിയ സര്‍വേയില്‍ അയര്‍ലണ്ടിലെ 15-16 പ്രായക്കാരായവരില്‍ 37% പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇ-സിഗരറ്റ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പ്രതികരിച്ചിരുന്നു. ഒരു മാസത്തിനിടെ അവ ഉപയോഗിച്ചതായി 15% പേരും സമ്മതിച്ചു.

വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിലേയ്ക്ക് നിക്കോട്ടിന്‍ എത്തുക എന്നത് അപകടകരമാണെന്ന് പറഞ്ഞ Blake, അത് അവരെ ഭാവിയില്‍ പുകവലിക്കാരാക്കി മാറ്റുമെന്നും വ്യക്തമാക്കി. മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് കര്‍ശനമായ വിലക്കുണ്ടെങ്കിലും, അയര്‍ലണ്ടില്‍ ഇ-സിഗരറ്റുകള്‍ക്ക് അത്തരമൊരു നിയന്ത്രണമില്ലെന്നും Blake പറയുന്നു.

ഇതിനിടെ ഇ-സിഗരറ്റുകളുടെ നിയന്ത്രണത്തിനായി പുതിയ ബില്‍ അവതരിപ്പിക്കാനിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: