അയർലണ്ടിൽ ബ്രെഡിനും പാലിനും ബട്ടറിനും വില കൂടി; പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഈ വർഷം 780 യൂറോ അധികം കരുതേണ്ടി വരും

അയര്‍ലണ്ടില്‍ ഈയിടെയായി സംഭവിച്ച അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം വില ഇനിയും മേല്‍പ്പോട്ട് തന്നെയായിരിക്കുമെന്നും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും ആഴ്കള്‍ക്കിടെ ബ്രെഡ്, പാല്‍, ബട്ടര്‍ എന്നിവയ്ക്ക് 10% മുതല്‍ 30% വരെയാണ് വില വര്‍ദ്ധിച്ചത്. ഇത് തുടരുകയും, ആഴ്ചയില്‍ 15 യൂറോ ശരാശരി വില വര്‍ദ്ധന സംഭവിക്കുകയും ചെയ്താല്‍, ഈ വര്‍ഷം സാധാരണക്കാര്‍ ശരാശരി 780 യൂറോയോ, അതിലധികമോ പലവ്യഞ്ജനങ്ങള്‍ക്കായി അധികം ചെലവാക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ഇത് അവശ്യഭക്ഷ്യസാധനങ്ങളുടെ മാത്രം കാര്യമാണ്. യൂട്ടിലിറ്റി ബില്ലുകളുടെ ചെലവ് 500 യൂറോയിലേറെ വര്‍ദ്ധിച്ചതും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് കുറഞ്ഞത് 40 സെന്റ് വര്‍ദ്ധിച്ചതും ഇതിന് പുറമെയുള്ള ചെലവുകളാണ്. ഇന്ധന വില വര്‍ദ്ധിച്ചതിനാല്‍ ഈ വര്‍ഷം വാഹന ഉടമകള്‍ ഇന്ധനത്തിനായി ശരാശരി 500 യൂറോ അധികം മുടക്കേണ്ട സ്ഥിതിയാണ്.

അതായത് ഇവയെല്ലാം കൂടി ചേരുമ്പോള്‍ ഈ വര്‍ഷത്തെ ശരാശരി ജീവിതച്ചെലവില്‍ 2,000 യൂറോ കൂടി അധികമാകുമെന്ന് സാരം.

അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം

ഇതില്‍ പലചരക്ക് വില വര്‍ദ്ധിക്കുന്നതാകും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കുക. 2021-ലെ അവസാന മൂന്ന് മാസത്തിനിടെ പലചരക്ക് സാധനങ്ങള്‍ക്ക് 1.2% വിലക്കയറ്റം അനുഭവപ്പെട്ടതായാണ് കണക്ക്. 2021-ല്‍ ആകെ ഉപഭോക്തൃചെലവ് 5.5% വര്‍ദ്ധിച്ചതായും, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചെലവ് ഇത്രയുമുയരുന്നത് ആദ്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

അയര്‍ലണ്ടിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായ ബ്രെഡ്ഡിന് 12 മാസത്തിനിടെ 5.3% വില വര്‍ദ്ധിച്ചതായാണ് Central Statistics Office (CSO) കണക്ക് വ്യക്തമാക്കുന്നത്. പാസ്തയ്ക്ക് 6.4% ആണ് വില വര്‍ദ്ധിച്ചത്. പൗള്‍ട്രിക്ക് 3.5 ശതമാനവും, കോഫിക്ക് 2.5%, ചായയ്ക്ക് 1.9% എന്നിങ്ങനെയും വില ഏറി. ബട്ടര്‍, വെജിറ്റബിള്‍ ഓയില്‍, ഒലിവ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന എണ്ണ-കൊഴുപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 4.4% വില വര്‍ദ്ധിച്ചു.

12 മാസത്തിനിടെയുള്ള വില വര്‍ദ്ധനയാണിതെങ്കിലും കാര്യമായ വര്‍ദ്ധനയുണ്ടായത് ഡിസംബര്‍ മാസത്തിലാണ്.

വില ഇനിയും വര്‍ദ്ധിക്കുമോ?

കോവിഡ്, ബ്രെക്‌സിറ്റ് എന്നിങ്ങനെ വിലവര്‍ദ്ധന തുടരാനുള്ള എല്ലാ കാരണങ്ങളും ഇപ്പോഴും രാജ്യത്ത് ശക്തമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. സപ്ലൈ പ്രശ്‌നങ്ങളും മറ്റൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നു. എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഉല്‍പ്പന്നങ്ങളുടെ വില ഒരേപോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ചെറിയ ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം തുടരുകയും, അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധിക്കുകയും ചെയ്താല്‍ വില വര്‍ദ്ധന പിടിച്ചുനിര്‍ത്താനായെന്ന് വരില്ല.

വിവരങ്ങള്‍: The Irish Times പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.

Share this news

Leave a Reply

%d bloggers like this: