അയർലണ്ടിൽ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകൾ വഴി; അപേക്ഷകർ നേരിട്ടെത്തണം

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറേ പിന്‍വലിച്ചതോടെ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകള്‍ വഴിയാക്കുമെന്ന് മന്ത്രി. കോവിഡ് കാലത്തിന് മുമ്പുള്ള പോലെ തൊഴിലില്ലായ്മാ വേതനം വാങ്ങാനായി ഇനിമുതല്‍ ആളുകള്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ ഹാജരാകണമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് ഇത് ബാധകം. വരും മാസങ്ങളില്‍ എല്ലാ അപേക്ഷകര്‍ക്കുമായി ഇത് വ്യാപിപ്പിക്കും.

2020-ല്‍ കോവിഡ് ബാധയ്ക്ക് പിന്നാലെയാണ് സാമൂഹിക അകലം ഉറപ്പാക്കാനും, കോവിഡ് വ്യാപനം തടയാനുമായി തൊഴിലില്ലായ്മാ വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അതേസമയം അത് മുതലെടുത്ത് അനര്‍ഹരായ പലരും വേതനം കൈപ്പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വേതനം വാങ്ങാനായി ആളുകള്‍ നേരിട്ട് തന്നെ എത്തണം എന്നത് തട്ടിപ്പുകള്‍ കുറയ്ക്കുമെന്നും, പോസ്റ്റ് ഓഫീസുകളിലെ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മന്ത്രി ഹംഫ്രിസ് പറഞ്ഞു. തട്ടിപ്പുകള്‍ നടന്നെങ്കിലും വേതനം ലഭിച്ച ഭൂരിഭാഗം പേരും അത് അര്‍ഹിച്ചിരുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: