ഐറിഷ് സമുദ്രാതിർത്തിയിൽ റഷ്യയുടെ നാവികപരിശീലനം; മീൻപിടിത്തക്കാർ അപകടത്തിലോ?

ഐറിഷ് സമുദ്രാതിര്‍ത്തിയില്‍ റഷ്യ നാവിക പരിശീലനം നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍ മീന്‍പിടിത്തക്കാര്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കി ഗതാഗത വകുപ്പ്. ഐറിഷ് സമുദ്രാതിര്‍ത്തിക്ക് പുറത്താണ് പരിശീലനമെങ്കിലും, അയര്‍ലണ്ടിന്റെ exclusive economic zone (EEZ)-ന് അകത്താണിത്. വടക്കന്‍ കോര്‍ക്കില്‍ നിന്നും ഏകദേശം 240 കി.മീ അകലെ അടുത്തയാഴ്ച നടക്കുന്ന നാവികാഭ്യാസങ്ങള്‍ പ്രത്യേകിച്ച് മീന്‍പിടിത്തക്കാരെ ബാധിച്ചേക്കുമെന്നാണ് ഭയം.

നേരത്തെ ഈ പരിശീലനങ്ങള്‍ മീന്‍പിടിത്തക്കാരെ ബാധിക്കില്ലെന്ന് അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡര്‍ ഉറപ്പ് നല്‍കിയതായി Irish Fish Processors and Exporters Association പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭ്യാസത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അസോസിയേഷന്‍ തലവന്‍ Brendan Byrne പറഞ്ഞിരുന്നു. ഡബ്ലിനില്‍ വ്യാഴാഴ്ച 50 മിനിറ്റോളമാണ് റഷ്യന്‍ അംബാസഡര്‍ Yuriy Filatov-മായി അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.

അതേസമയം അത്തരം ഉറപ്പുകളൊന്നും റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ എംബസി വക്താവ് ഇപ്പോള്‍ പറയുന്നത്. മിസൈലുകളടക്കം വിക്ഷേപിക്കുന്ന പരിശീലനത്തിന്റെ വ്യാപ്തി അംബാസഡര്‍ കുറച്ചുകണ്ടിരിക്കാമെന്നാണ് അയര്‍ലണ്ടിലെ റഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. ഫിഷിങ് സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന നിലാപാടാണ് അംബാസഡര്‍ എടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ പ്രദേശത്ത് മീന്‍പിടിക്കാന്‍ പോകണമോ, വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്ന് Irish South and West Fish Producers Organisation തലവന്‍ പാട്രിക് മര്‍ഫി പറഞ്ഞു. മീന്‍പിടിത്തക്കാരെ അപകടപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യമൊന്നും റഷ്യയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായി മീന്‍പിടിത്തം നടത്താമെന്ന് അംബാസഡര്‍ ഉറപ്പ് നല്‍കിയെന്നാണ് മര്‍ഫിയും പറയുന്നത്.

തുടര്‍ന്ന് ഫെബ്രുവരി 3 മുതല്‍ 8 വരെ പ്രദേശത്ത് അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗതാഗത വകുപ്പ്.

Share this news

Leave a Reply

%d bloggers like this: