270 ദിവസത്തിലധികം പഴക്കമുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾ യാത്രയ്ക്കിടെ തെളിവായി സ്വീകരിക്കില്ല; പുതിയ നിയന്ത്രണവുമായി ഐറിഷ് സർക്കാർ

വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള പുതിയ യാത്രാനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഐറിഷ് സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ചുള്ളതാണ് പുതിയ നിയന്ത്രണത്തിലെ പ്രധാന ഭാഗം.

പ്രൈമറി വാക്‌സിനേഷന്‍ എടുത്തവരുടെ (ആദ്യ രണ്ട് ഡോസ്) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 270 ദിവസത്തില്‍ കൂടുതല്‍ (ഏകദേശം 9 മാസം) പഴക്കമുള്ളതാണെങ്കില്‍, അവ വാക്‌സിനേറ്റ് ചെയ്തു എന്നതിന് തെളിവായി സ്വീകരിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫെബ്രുവരി 1 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും.

അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്ത ശേഷം എത്ര മാസം പിന്നിട്ടാലും സര്‍ട്ടിഫിക്കറ്റ് തെളിവായി സ്വീകരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

അതായത് പ്രൈമറി വാക്‌സിനേഷന്‍ കഴിഞ്ഞ് 270 ദിവസം പിന്നിട്ടവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഷോട്ട് എടുത്താല്‍ മാത്രമേ സാധുതയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നര്‍ത്ഥം.

സര്‍ട്ടിഫിക്കറ്റ് കാലാവധി 270 ദിവസം കഴിഞ്ഞ യാത്രക്കാര്‍ അയര്‍ലണ്ടില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത PCR ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കണം. ഈ റിസല്‍ട്ട് കൈവശം കരുതുകയും വേണം. അല്ലെങ്കില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് ബാധിതരായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയ Novavax (Nuvaxovid) എന്ന കോവിഡ് വാക്‌സിന്‍ എടുത്തവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 1 മുതല്‍ തെളിവായി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനെ പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കാനും, സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുമായി:www.gov.ie/dcc

യാത്രാനിയന്ത്രണങ്ങളെ പറ്റി കൂടുതലറിയാന്‍: https://www.gov.ie/en/publication/77952-government-advice-on-international-travel/ and destination requirements for the EU on reopen.europa.eu/en

Share this news

Leave a Reply

%d bloggers like this: