സാധാരണക്കാർക്ക് ഇരുട്ടടിയായി ജീവിതച്ചെലവ്; കാർബൺ ടാക്സ് വർദ്ധനയിൽ പിന്നോട്ടില്ല, പകരം വിലവർദ്ധന നിയന്ത്രിക്കാൻ പ്രത്യേക പാക്കേജ് എന്ന് ധനമന്ത്രി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കെ, മെയ് മാസത്തില്‍ വര്‍ദ്ധിപ്പിക്കാനിരിക്കുന്ന കാര്‍ബണ്‍ ടാക്‌സിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി. ഇന്ധനം, ഗ്യാസ്, പലചരക്ക് എന്നിങ്ങനെ സര്‍വ്വമേഖലയിലും വില വര്‍ദ്ധന സംഭവിച്ചിരിക്കുന്നതില്‍ സര്‍ക്കാര്‍ പഴി കേള്‍ക്കുന്നതിനിടെയാണ് മന്ത്രി പാസ്‌കല്‍ ഡോണഹു കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഇന്ധനവില വര്‍ദ്ധിപ്പിച്ചതാണ് രാജ്യത്തെ മറ്റെല്ലാ മേഖലകളിലും ആനുപാതികമായ വില വര്‍ദ്ധനയ്ക്ക് കാരണമായത്. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന കൂടിയാകുന്നതോടെ വീണ്ടും ഇന്ധനവില വര്‍ദ്ധിക്കുകയും, തുടര്‍ന്ന് വീണ്ടും വിലക്കയറ്റം സംഭവിക്കും എന്നുമുള്ള ആശങ്കയിലാണ് ജനങ്ങള്‍.

ഈ സാഹചര്യത്തില്‍ മെയ് മാസം മുതല്‍ നടപ്പിലാക്കാനിരിക്കുന്ന കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന മരവിപ്പിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ അയര്‍ലണ്ടിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ലക്ഷ്യം കാണുന്നതിനായി കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന അനിവാര്യമാണെന്നാണ് മന്ത്രി ഡോണഹു പറയുന്നത്.

അതേസമയം വര്‍ദ്ധിച്ച ജീവിതച്ചെലവ് കുടുംബങ്ങളെ ബാധിക്കുന്നത് നിയന്ത്രിക്കാനായി പ്രത്യേക പാക്കേജ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി Irish Examiner-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒക്‌ടോബറില്‍ അവതരിപ്പിച്ച ബജറ്റിലാണ് കാര്‍ബണ്‍ ടാക്‌സ് ടണ്ണിന് 7.50 യൂറോ വര്‍ദ്ധിപ്പിച്ചത്. ഇതോടെ ടണ്ണിന് വില 41 യൂറോ ആകും. ഇത് കാരണം പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെയെല്ലാം വില മെയ് 1 മുതല്‍ വര്‍ദ്ധിക്കും.

വര്‍ദ്ധന ഒഴിവാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: