ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് മന്ത്രി; ഒപ്പം ടാക്‌സിലും, ടോളിലും വൻ ഇളവ്

അയര്‍ലണ്ടിലെ ടാക്‌സി ഉടമകള്‍ക്ക് ഇലക്ട്രിക് കാറുകള്‍ വാങ്ങാനായി 10,000 യൂറോ വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ അടുത്ത ഘട്ടമായാണ് 15 മില്യണ്‍ യൂറോ നീക്കിവച്ചുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി.

ടാക്‌സി കാറുകള്‍ പോലുള്ള small public service vehicles (SPSV) ഉടമകള്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായി 10,000 യൂറോ വരെ സര്‍ക്കാര്‍ സഹായം ലഭിക്കുക. പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാകണം ഈ കാറുകള്‍.

പുതിയ ഇലക്ട്രിക് വാഹനത്തില്‍ വീല്‍ ചെയര്‍ കയറ്റുവാന്‍ സൗകര്യം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാല്‍ 2,500 യൂറോ കൂടി ഗ്രാന്റായി ലഭിക്കും.

ഇതിന് പുറമെ നിലവിലുള്ള മലിനീകരണം കൂടിയ പെട്രോള്‍, ഡീസല്‍ വാഹനം സ്‌ക്രാപ്പ് ആക്കി മാറ്റാന്‍ തയ്യാറാണെങ്കില്‍ ഗ്രാന്റ് തുക ഇരട്ടിയാകുമെന്നും പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കില്‍ ലഭിക്കുന്ന സഹായധനം 20,000 യൂറോ ആണ്. ഇതില്‍ വീല്‍ ചെയര്‍ കയറാനുള്ള സൗകര്യം കൂടി ചെയ്താല്‍ വീണ്ടും 5,000 യൂറോ അടക്കം ആകെ 25,000 യൂറോ സര്‍ക്കാര്‍ നല്‍കും.

ഇവയ്ക്ക് പുറമെ വേറെയും ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് EV വാഹനങ്ങളിലേയ്ക്ക് മാറുന്ന SPSV ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത്. VRT-യില്‍ 5,000 യൂറോ വരെ ഇളവ്, Domestic Charger Scheme-ല്‍ 600 യൂറോ വരെ ഇളവ്, വാര്‍ഷിക ടോള്‍ റീഫണ്ട് ആയി 1,000 യൂറോ വരെ എന്നിവയാണ് ഈ ഓഫറുകള്‍.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 600 ഡ്രൈവര്‍മാരാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങാനായി ഗ്രാന്റ് ലഭ്യമാക്കിയത്.

പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nationaltransport.ie

Share this news

Leave a Reply

%d bloggers like this: