നായയെ ചൊല്ലി തർക്കം വെടിവെപ്പിൽ കലാശിച്ചു ;ഒരാൾ ഗുരുതരാവസ്ഥയിൽ, ഗാർഡ അന്വേഷണമാരംഭിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡബ്ലിനിലെ Tallaght ന് പുറമേയുള്ള ഗ്രാമപ്രദേശത്തുണ്ടായ വെടിവെപ്പിനെ തുടർന്ന് ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Tallaght ഹേസൽ ഗ്രോവ് ഏരിയയിലെ ബ്ലെസിങ്ടൺ റോഡിന് സമീപമുള്ള കൃഷിയിടത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

മുപ്പത്കാരനായ യുവാവിന്റെ തലയുടെ പിൻഭാഗത്താണ് വെടിയേറ്റത്. തർക്കത്തിനിടെ ഒപ്പമുണ്ടായിരുന്ന വളർത്തു നായയ്ക്കും വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനായ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ഥലത്തുണ്ടായിരുന്ന നായയുമായി ബന്ധപ്പെട്ട് രണ്ട് പേർ തമ്മിൽ തർക്കം ഉണ്ടായതാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്ന് ഗാർഡ അറിയിച്ചു. സ്വകാര്യ കൃഷിയിടത്തിൽ നായ്ക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സ്ഥലത്തെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ചിരുന്നു.

പരിക്കേറ്റയാളെ Tallaght യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഗാർഡേ ടെക്‌നിക്കൽ ബ്യൂറോ നടത്തുന്ന സാങ്കേതിക പരിശോധനയ്‌ക്കായി സംഭവസ്ഥലം നിലവിൽ നിരീക്ഷണത്തിലാണ് . സംഭവത്തെക്കുറിച്ച് വിവരമുള്ളവരോ മറ്റു സാക്ഷികളോ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് ഗാർഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: