ഐറിഷ് പൗരനായ ഫോക്‌സ് ന്യൂസ് ക്യാമറാമാൻ ഉക്രൈനിൽ വച്ച് കൊല്ലപ്പെട്ടു

ഫോക്സ് ന്യൂസ് ക്യാമറാമാന്‍ Pierre Zakrzewski ഉക്രൈനില്‍ വച്ച് കൊല്ലപ്പെട്ടു. ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്ത് വച്ച് Zakrzewski യും സംഘവും സഞ്ചരിച്ച വാഹനത്തിന് തീപിടിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്യുകയായിരുന്ന ഉക്രൈന്‍ മാധ്യമപ്രവര്‍ത്തക‍ Oleksandra Kuvshinova യും ഇതേ അപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ Zakrzewski യുടെ സഹപ്രവര്‍ത്തകന്‍ Benjamin Hall നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐറിഷ് പൗരനായ Pierre Zakrzewski അമേരിക്കന്‍ മാധ്യമസ്ഥാപനമായ ഫോക്സിന് വേണ്ടി കാലങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരിയില്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ തന്നെ അദ്ദേഹം റിപ്പോര്‍ട്ടിങ്ങിനായി യുദ്ധഭൂമിയില്‍ എത്തിയിരുന്നു. ഇറാഖ്,അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം യുദ്ധരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനാണ് Zakrzewski.

ഫോക്സ് ന്യൂസിനെ സംബന്ധിച്ചിടത്തോളം Pierre Zakrzewski യുടെ മരണം ഹൃദയഭേദകമാണെന്നും, ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവും, അഭിനിവേശവും പകരം വെക്കാനാവില്ലെന്നും ഫോക്സ് ന്യൂസ് സി.ഇ.ഓ സൂസന്‍ സ്കോട്ട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ അനുശോചനവുമായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും കഴിഞ്ഞ ദിവസം രംഗത്തുവന്നു. തന്റെ മനസ്സ് ഇരുവരുടെയും കുടുംബത്തോടും, സഹപ്രവര്‍ത്തകരോടും ഒപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ദാരുണ സംഭവം തന്നെ ഏറെ അസ്വസ്ഥനാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: