അയർലണ്ടുകാർക്ക് ദുരിതത്തിനിടെ ഇരുട്ടടി; വൈദ്യുതിക്കും പാചകവാതകത്തിനും വില വർദ്ധിപ്പിച്ച് Bord Gáis Energy

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന അയര്‍ലണ്ടുകാര്‍ക്ക് ഇരുട്ടടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. പാചകവാതകം, വൈദ്യുതി തുടങ്ങി ഊര്‍ജ്ജവിതരണം നടത്തുന്ന കമ്പനിയാണ് Bord Gáis Energy. ഈ വര്‍ഷം ഇതാദ്യമായാണ് ഒരു ഊര്‍ജ്ജ കമ്പനി നിരക്കില്‍ വര്‍ദ്ധന വരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ വിതരണ കമ്പനികള്‍ പല തവണയായി 35-ലേറെ വില വര്‍ദ്ധനയാണ് നടപ്പിലാക്കിയത്. ഇതേ പ്രവണത ഈ വര്‍ഷവും തുടരുമെന്നതിന്റെ സൂചനയാണ് Bord Gáis-ന്റെ പ്രഖ്യാപനമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഏപ്രില്‍ 15 മുതല്‍ വൈദ്യുതി ബില്ലില്‍ ശരാശരി 27% വര്‍ദ്ധനയും, പാചകവാതക ബില്ലില്‍ ശരാശരി 39% വര്‍ദ്ധനയും ഉണ്ടാകുമെന്നാണ് Bord Gáis Energy അറിയിച്ചിരിക്കുന്നത്. അതായത് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇനത്തില്‍ വര്‍ഷം 340 യൂറോ ശരാശരി അധികച്ചെലവ് ഇത് മൂലമുണ്ടാകും. പാചകവാതകത്തിനായി വര്‍ഷം 350 യൂറോയും അധികം മുടക്കേണ്ടിവരും.

2020 മുതല്‍ പല തവണയായി Bord Gáis Energy പുതുക്കിയ നിരക്ക് പ്രകാരം നിലവില്‍ വൈദ്യുതിക്കും, പാചകവാതകത്തിനുമായി 540 യൂറോ വീതം ഓരോ വീട്ടുകാരും വര്‍ഷത്തില്‍ അധികമായി ചെലവിടുന്നുണ്ട്. ഇതിന് പുറമെയാണ് നിലവിലെ വര്‍ദ്ധന എന്നത് സാധാരണക്കാരെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും. 2021-ല്‍ മാത്രം മൂന്ന് തവണയാണ് കമ്പനി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. പാതകവാതകത്തിന് രണ്ട് തവണയും വില കൂട്ടി.

അതേസമയം വില വര്‍ദ്ധിപ്പിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭയുടെ വിര്‍ച്വല്‍ മീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു. റഷ്യ-ഉക്രെയിന്‍ യുദ്ധമാണ് നിയന്ത്രണാതീതമായ ഊര്‍ജ്ജ വില വര്‍ദ്ധനയ്ക്ക് കാരണമെന്നും മന്ത്രിസഭ കുറ്റപ്പെടുത്തി. വില വര്‍ദ്ധനയുടെ ആഘാതം കുറയ്ക്കാനായി VAT കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിസഭ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ 13.5% ആണ് ഇന്ധന ടാക്‌സ്.

ഇതിനിടെ ഓരോ വീട്ടുകാര്‍ക്കും 125 യൂറോ വീതമുള്ള ഫ്യുവല്‍ അലവന്‍സ് ഈ ആഴ്ച തന്നെ നല്‍കുമെന്നും മന്ത്രിസഭ അറിയിച്ചു. 372,000 വീട്ടുകാര്‍ക്കാണ് സഹായം ലഭിക്കുക. 200 യൂറോയുടെ ഇലക്ട്രിസിറ്റി ക്രെഡിറ്റും വൈകാതെ വിതരണം ചെയ്യും.

Share this news

Leave a Reply

%d bloggers like this: