അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വാരാന്ത്യം രോഗം സ്ഥിരീകരിച്ചത് 64,000 പേർക്ക്

സെന്റ് പാട്രിക്‌സ് ഡേ ആഘോഷം നടന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിക്കപ്പെട്ടത് 64,000 പുതിയ കോവിഡ് കേസുകള്‍. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലെ കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.

PCR, ആന്റിജന്‍ ടെസ്റ്റുകള്‍ വഴി 63,954 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവധിയായതിനാല്‍ ഈ ദിവസങ്ങളിലെ കണക്കുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ല.

തിങ്കളാഴ്ച മാത്രം 14,655 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.2% ആണ്. പുതുതായി 26 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവധി ദിനങ്ങളും, സെന്റ് പാട്രിക്‌സ് ഡേ പരേഡുകളും കഴിഞ്ഞിരിക്കുന്ന സമയമായതിനാല്‍ ഈ ആഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്ന ആശങ്കിലാണ് ആരോഗ്യവിദഗ്ദ്ധര്‍.

നിലവില്‍ 1,308 പേരാണ് കോവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 133 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ രോഗബാധ തീവ്രമാണെന്ന സൂചനയാണ് ലഭിക്കുന്നത്. 49 പേര്‍ ഐസിയുവിലാണ്.

ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുന്നത് നിയന്ത്രിക്കാനായി ഉടന്‍ നടപടികളെടുക്കണമെന്ന് ഈ സാഹചര്യത്തില്‍ Irish Nurses and Midwives Organisation (INMO) ആവശ്യപ്പെട്ടു. കുറഞ്ഞത് ഈസ്റ്റര്‍ വരെയെങ്കിലും അത്യാവശ്യ രോഗികളെയല്ലാതെ നേരിട്ട് പരിശോധിക്കുന്നത് നിയന്ത്രിക്കണം. കെട്ടിടങ്ങള്‍ക്കകത്തും, ജനക്കൂട്ടത്തിനിടയിലും മാസ്‌ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും INMO ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നിലവില്‍ തീരുമാനമൊന്നുമില്ലെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ഞായറാഴ്ച പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: