ഏറ്റവും കുറഞ്ഞ കോവിഡ് നിയന്ത്രണങ്ങളുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യം അയർലൻഡെന്ന് റിപ്പോർട്ട്

നിലവിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിയന്ത്രണങ്ങളുള്ള രണ്ടാമത്തെ രാജ്യം അയർലൻഡെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി റിപ്പോർട്ട്.ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ പഠന വിധേയമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത് , കോവിഡ് വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന കുറഞ്ഞ നിയന്ത്രണങ്ങളുടെ കാര്യത്തിൽ അയർലൻഡ് മംഗോളിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

അതേസമയം 2021 ഫെബ്രുവരിയിൽ അയർലൻഡ് ഏർപ്പെടുത്തിയ ലെവൽ 5 ലോക്ക്ഡൗൺ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കർശനവും ലോകത്തിലെ തന്നെ ഏറ്റവും കഠിനവുമാണെന്ന് ഇതേ യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും കോവിഡ് വാക്‌സിനുകൾ ലഭ്യമായതോടെ 2022 ന്റെ തുടക്കത്തിൽ ശേഷിക്കുന്ന നിയന്ത്രണങ്ങൾ നീക്കാൻ അയർലൻഡ് തീരുമാനിക്കുകയായിരുന്നു.

കൂടാതെ ഒമിക്‌റോൺ വകഭേദത്തെ അയർലൻഡ് അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ജനുവരി അവസാനം പ്രസ്താവിച്ചതിനെത്തുടർന്ന് ഒത്തുചേരലുകളുടെ പരിമിതികൾ, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള കർഫ്യൂ, ചില ഇൻഡോർ ഇടങ്ങൾ ആക്സസ് ചെയ്യുന്നതിന് വാക്സിൻ പാസുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു.

പൊതുഗതാഗതത്തിലും കടകളിലും മറ്റ് ഇൻഡോർ പൊതു സജ്ജീകരണങ്ങളിലും ഫെയ്സ് മാസ്ക് ധരിക്കണമെന്ന നിയമപരമായ ആവശ്യകതയും ഫെബ്രുവരി അവസാനത്തോടെ ഐറിഷ് സർക്കാർ പിൻവലിച്ചിരുന്നു.ഇതേത്തുടർന്ന് അയർലൻഡ് കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെ അടുത്തിടെ ലോകാരോഗ്യ സംഘടന നിശ്ശിതമായി വിമർശിച്ചിരുന്നു.

എന്നാൽ അയർലൻഡിപ്പോൾ മറ്റൊരു കോവിഡ് തരംഗത്തിന്റെ ഭീഷണിയിലാണ് അതേസമയം ഇത്തവണ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാനോ രോഗത്തിന്റെ വ്യാപനം പിടിച്ചു നിർത്താൻ test and trace സിസ്റ്റം തിരികെ കൊണ്ടുവരാനോ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

പൊതു ഇടങ്ങളിൽ മാസ്ക്കിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനയും തിരികെ കൊണ്ടുവരാൻ സർക്കാരിനുമേൽ ആരോഗ്യ വിദഗ്ദ്ധരുടെ സമ്മർദ്ദമുണ്ട്.
കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 25 ശതമാനമാണ് വർദ്ധിച്ചത്, 1,569 രോഗികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: