ഇന്ധനവില വർദ്ധന: ഡബ്ലിനിൽ ലോറി ഡ്രൈവർമാരുടെ റോഡ് ഉപരോധം വീണ്ടും; ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം

അയര്‍ലണ്ടില്‍ ഇന്ധനവില അനിയന്ത്രിതമായി ഉയരുന്നതില്‍ പ്രതിഷേധിച്ച് വീണ്ടും റോഡ് ഉപരോധിച്ച് സമരം നടത്താനൊരുങ്ങി ലോറി ഡ്രൈവര്‍മാര്‍. ഏപ്രില്‍ 11-ന് ഡബ്ലിനില്‍ കൂട്ടമായെത്തി റോഡ് ഉപരോധിക്കാനാണ് ലോറി ഡ്രൈവര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. എത്ര വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും, സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് സംഘടന പറയുന്നത്.

കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ഡ്രൈവര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. താഴെ പറയുന്ന ആവശ്യങ്ങളാണ് സംഘടന മുമ്പോട്ട് വയ്ക്കുന്നത്:

  1. പ്രെട്രോള്‍ വില ലിറ്ററിന് 1.10 യൂറോ ആയി നിജപ്പെടുത്തുക.
  2. ഡീസല്‍ വില ലിറ്ററിന് 1.20 യൂറോ ആക്കി കുറയ്ക്കുക.
  3. ഗ്രീന്‍ ഡീസല്‍ വില ലിറ്ററിന് 65 സെന്റ് ആക്കുക.
  4. ഹോം ഹീറ്റിങ് തുക ലിറ്ററിന് 65 സെന്റ് ആക്കുക.
  5. കാര്‍ബണ്‍ ടാക്‌സ് എടുത്തുകളയുക.
  6. ഊര്‍ജ്ജമന്ത്രി ഈമണ്‍ റയാന്‍ ഉടന്‍ രാജിവയ്ക്കുക.

ഫേസ്ബുക്ക് വഴിയാണ് സംഘടന സമരാഹ്വാനം നടത്തിയിരിക്കുന്നത്. ഈ ദിവസം വല്ല അത്യാവശ്യ യാത്രകളും ഉള്ളവര്‍ അത് മാറ്റി വയ്ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 11 തെരഞ്ഞെടുത്തതിന് കാരണം അത് സ്‌കൂള്‍ കുട്ടികളെ ബാധിക്കാതിരിക്കാനാണെന്നും സംഘടന വ്യക്തമാക്കി. തങ്ങള്‍ക്ക് വക്താക്കള്‍ ഇല്ലെന്നും, നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമൂഹത്തിലെ നാനാ തുറയിലുള്ളവരുടെ പിന്തുണയും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: