മന്ത്രി ഇടപെട്ടിട്ടും കാര്യമില്ല; ഡബ്ലിൻ എയർപോർട്ടിൽ ടെർമിനലിന് പുറത്തേയ്ക്ക് നീണ്ട് യാത്രക്കാരുടെ ക്യൂ

പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായി യാത്രക്കാര്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ദുരവസ്ഥ തുടരുന്നു. യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്നതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരുമായി മന്ത്രി Hildegarde Naughton ഈയിടെ ചര്‍ച്ച നടത്തുകയും, പ്രശ്‌നപരിഹാരം ഉറപ്പ് നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കാരണം പലരും ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്ത് വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. രാവിലെ 5 മണിക്ക് മുമ്പേ തന്നെ യാത്രക്കാര്‍ ടെർമിനല്‍ 1-ന് പുറത്ത് നീണ്ട ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടുന്നതിന്റെ വീഡിയോകളും, ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഈസ്റ്റര്‍ സ്‌കൂള്‍ അവധി ആരംഭിച്ചതോടെ ധാരാളം പേര്‍ വിദേശയാത്രയ്ക്ക് ബുക്ക് ചെയ്തതാണ് ശനിയാഴ്ചത്തെ യാത്രക്കാരുടെ എണ്ണക്കൂടുതലിന് കാരണം. നിലവില്‍ ഫ്‌ളൈറ്റ് സമയത്തിന് മൂന്നര മണിക്കൂറെങ്കിലും മുമ്പായി സെക്യൂരിറ്റി ചെക്കിന് എയര്‍പോര്‍ട്ടിലെത്താനാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.

സാഹചര്യം വീണ്ടും വഷളായതോടെ തങ്ങളുടെ സുരക്ഷാ പരിശോധനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് നടത്തിപ്പുകാരായ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) അറിയിച്ചിരിക്കുകയാണ്. നിലവില്‍ എയര്‍പോര്‍ട്ട് പൊലീസും, ഗാര്‍ഡയും ചേര്‍ന്നാണ് ക്യൂ നിയന്ത്രിക്കുന്നത്. യാത്രക്കാരുടെ സഹകരണത്തിന് DAA നന്ദി അറിയിക്കുകയും ചെയ്തു.

ശനിയാഴ്ചയ്ക്ക് മുമ്പ് വരെ ഒരു മണിക്കൂര്‍ വെയ്റ്റിങ് സമയം ആണ് സെക്യൂരിറ്റി ചെക്കിനായി വേണ്ടിവന്നിരുന്നതെന്ന് DAA പറയുന്നു. ശനിയാഴ്ച പക്ഷേ കാര്യങ്ങളാകെ തകിടം മറിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മികച്ച രീതിയില്‍ ചെക്കിങ് നടത്തുമെന്നും DAA കൂട്ടിച്ചേര്‍ത്തു.

സെക്യൂരിറ്റി സ്‌ക്രീനിങ് ജീവനക്കാരുടെ എണ്ണക്കുറവാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ഇതുവരെ 100 പുതിയ ജീവനക്കാരെ സെക്യൂരിറ്റി ചെക്കിനായി നിയമിച്ചെങ്കിലും അത് പോരാതെ വന്നിരിക്കുകയാണ്. അധികമായി 250 പേരെ കൂടി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്ന് DAA പറയുന്നു. ഇതില്‍ 100 പേര്‍ ഇന്റര്‍വ്യൂ പാസായിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: