രോഗമുണ്ടോ എന്ന് ഉറപ്പിക്കാനായി ഗൂഗിളിൽ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് വായിക്കൂ…

അയര്‍ലണ്ടിലെ മൂന്നില്‍ രണ്ട് പേരും രോഗങ്ങളെക്കുറിച്ചും, പരിക്കുകളെക്കുറിച്ചുമെല്ലാം വിവരങ്ങളറിയാന്‍ ഗൂഗിളിനെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധാരാളം പേര്‍ ശരീരവേദന സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വായിക്കുകയും, രോഗലക്ഷണങ്ങളെ തങ്ങളുടെ ശാരീരികപ്രശ്‌നങ്ങളുമായി താരതമ്യം ചെയ്ത് ആശങ്കപ്പെടുകയും ചെയ്യുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആശങ്കകള്‍ പരിഹരിക്കാനായി ഡോക്ടര്‍മാകും മറ്റും കിണഞ്ഞ് പരിശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ‘ഡോക്ടര്‍ ഗൂഗിളും’ അയര്‍ലണ്ടിലെ ജനങ്ങളുമായുള്ള ‘ബന്ധം’ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, യൂറോപ്യന്‍ കമ്മിഷന്റെ ഡാറ്റാ അനാലിസിസ് വിഭാഗമായ യൂറോസാറ്റ് പുറത്തുവിട്ടിരിക്കുന്നത്.

2021-ലെ കണക്കുകളനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ 16-74 പ്രായക്കാരായ പകുതിയില്‍ അധികം പേരും പരിക്ക്, രോഗം, പോഷകാഹാരം, ആരോഗ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരിക്കലെങ്കിലും ഗൂഗിളില്‍ കാര്യങ്ങള്‍ തിരഞ്ഞവരാണ്.

EU-വിലെ ആകെ ജനങ്ങളുടെ കാര്യമെടുത്താല്‍ 16-74 പ്രായക്കാരില്‍ 55% പേരും ഇത്തരത്തില്‍ ഗൂഗിളില്‍ തിരഞ്ഞ് തങ്ങള്‍ ഏതെങ്കിലും തരത്തില്‍ രോഗമുള്ളവരാണെന്ന് സ്വയം തീര്‍ച്ചപ്പെടുത്തി. എന്നാല്‍ അയര്‍ലണ്ടിലെ കണക്ക് മാത്രമെടുത്താല്‍ ഗൂഗിളിനെ വിശ്വസിച്ച് സ്വയം രോഗികളാണ് നിശ്ചയിച്ചവര്‍ 68% ആണ്. പക്ഷേ അതും കടന്ന് മുമ്പിലെത്തിയിരിക്കുന്നത് ഫിന്‍ലന്‍ഡാണ്. ആകെ ജനങ്ങളില്‍ അഞ്ചില്‍ നാല് പേരും (80%) തങ്ങളുടെ ആരോഗ്യത്തെപ്പറ്റി അറിയാന്‍ ആശ്രയിച്ചത് ‘ഡോക്ടർ ഗൂഗിളിനെ’ ആണ്. ഇക്കാര്യത്തില്‍ ഏറ്വും പിന്നില്‍ ബള്‍ഗേറിയക്കാരാണെന്നും (36%) റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ വഴിയുള്ള ആരോഗ്യം തിരക്കലില്‍ വലിയ വര്‍ദ്ധനയാണ് വന്നിട്ടുള്ളത്. ‘Cyberchondria’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

പക്ഷേ ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം സെര്‍ച്ചിങ്ങിലൂടെ രോഗമുണ്ടോ എന്നും, യഥാര്‍ത്ഥ രോഗം എന്തെന്നും കണ്ടെത്താന്‍ മിക്കപ്പോഴും കഴിയാറില്ല. ഓണ്‍ലൈന്‍ വഴി കൃത്യമായ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ ഇക്കാലയളവിനിടെ ഉണ്ടായിട്ടുമുള്ളൂ. അതേസമയം ഓണ്‍ലൈന്‍ പരതല്‍ കാരണം ഉത്കണ്ഠ വര്‍ദ്ധിക്കുകയും, യഥാര്‍ത്ഥ ഡോക്ടര്‍മാരിലുള്ള വിശ്വാസം നഷ്ടമാകുകയും ചെയ്യുന്നു.

ഇതിനിടെ അയര്‍ലണ്ടിലെ ജനങ്ങള്‍ ആരോഗ്യകാര്യത്തില്‍ പൊതുവെ സംതൃപ്തരാണെന്നും റിപ്പോര്‍ട്ട് പ്രത്യേകം പറയുന്നുണ്ട്. രാജ്യത്തെ 16-44 പ്രായക്കാരില്‍ 90% പേരും തങ്ങള്‍ ആരോഗ്യമുള്ളവരാണെന്നാണ് കരുതുന്നത്. 45-64 പ്രായക്കാരായ 80% പേരും തങ്ങള്‍ ആരോഗ്യമുള്ളവരാണെന്ന് കരുതുന്നു.

Share this news

Leave a Reply

%d bloggers like this: