അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം തുകയിൽ വൻ വർദ്ധന; നടപടി ആവശ്യപ്പെട്ട് സംഘടന

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക നിയന്ത്രണമില്ലാതെ കൂടുന്നതില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് The Alliance for Insurance Reform സംഘടന. പ്രീമിയം തുക 16% വര്‍ദ്ധിച്ചതായി ഈയിടെ സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

പേഴ്‌സണല്‍ ഇന്‍ജുറിക്ക് നല്‍കപ്പെടുന്ന ഇന്‍ഷുറന്‍സ് തുക നിയന്ത്രിക്കുന്നതിനായി ജുഡീഷ്യല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ ചെറിയ ആശ്വാസമുണ്ടായെങ്കിലും, ഇതിന്റെ ഗുണം പ്രീമിയം അടയ്ക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍, വൊളന്ററി, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ചാരിറ്റികള്‍ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

സംഘടന നടത്തിയ സര്‍വേ പ്രകാരം 42% ഓര്‍ഗനൈസേഷനുകളും പ്രീമിയം തുക വര്‍ദ്ധന തങ്ങളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് കരുതുന്നതായി കണ്ടെത്തിയിരുന്നു. പ്രീമിയം വര്‍ദ്ധന നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് 90% ഓര്‍ഗനൈസേഷനുകളും പ്രതികരിക്കുകയും ചെയ്തു.

ചെറിയ പരിക്കുകള്‍ക്ക് നല്‍കാവുന്ന ഇന്‍ഷുറന്‍സ് തുക കുറച്ചത് കാരണം വലിയ രീതിയില്‍ പ്രീമിയം തുക കുറയേണ്ടതായിരുന്നുവെന്നും, എന്നാല്‍ അത് സംഭവിക്കുന്നില്ലെന്നും The Alliance for Insurance Reform ഡയറക്ടറായ പീറ്റര്‍ ബോലാന്‍ഡ് പറയുന്നു.

ഈ പരിഷ്‌കാരത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന പറയുന്നു. കൂടാതെ ഇന്‍ഷുറന്‍സ് മേഖലയില്‍ നേരത്തെ നിര്‍ദ്ദേശിച്ച മറ്റ് പരിഷ്‌കാരങ്ങള്‍ കൂടി ഉടന്‍ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: