അയർലണ്ടിലെ അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ആക്രമണം നേരിടുന്നു; നിയമം പരിഷ്കരിക്കണമെന്ന് സംഘടനകൾ

സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ആക്രമണം നേരിടുന്ന സംഭവങ്ങള്‍ ഗൗരവകരമായി കാണമെന്ന് അദ്ധ്യാപകസംഘടനകള്‍. ഇത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും, അതുവഴി അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും Teachers’ Union of Ireland (TUI), Association of Secondary Teachers (ASTI) എന്നീ സംഘടനകള്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ചില അദ്ധ്യാപകര്‍ ഒരു ആഴ്ചയില്‍ തന്നെ ഒന്നിലേറെ തവണ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ അതില്‍ നിന്നുമുണ്ടാകുന്ന ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി ആവശ്യത്തിന് അവധി പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അദ്ധ്യാപികയായ Laura O’Sullivan പറയുന്നു. ശാരീരികമായ അക്രമങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപമാനം ഏല്‍ക്കാറുണ്ടെന്നും അവര്‍ പറയുന്നു. തനിക്ക് തന്നെ അത്തരത്തില്‍ നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട്.

ചെറിയ വിഭാഗം ചില വിദ്യാര്‍ത്ഥികളാണ് പ്രശ്‌നക്കാരെന്നും, മിക്കപ്പോഴും അത് അവരുടെ മാത്രം കുറ്റമല്ലെന്നും പറഞ്ഞ Laura O’Sullivan, പക്ഷേ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് അദ്ധ്യാപകരാണെന്നും വ്യക്തമാക്കി.

ആക്രമണത്തിന്റെ ഭാഗമായി അദ്ധ്യാപകര്‍ക്ക് നല്‍കുന്ന അവധിയുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തുക, വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നിവ അത്യാവശ്യമാണെന്ന് സംഘടനകള്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

നിലവില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ശമ്പളത്തോടെ പരമാവധി മൂന്ന് മാസമാണ് അദ്ധ്യാപകര്‍ക്ക് അവധി നല്‍കുന്നത്. അപൂര്‍വ്വം സംഭവങ്ങളില്‍ മാത്രം ആശുപത്രി മാസമോ മറ്റോ വേണ്ടിവന്നാല്‍ മൂന്ന് മാസം കൂടി അധിക ലീവ് അനുവദിക്കും. നാല് വര്‍ഷത്തിലൊരിക്കലേ ഇത് ലഭിക്കൂ. അത് പോലെ എല്ലായ്‌പോഴും ഈ ആറ് മാസത്തെ ലീവ് ലഭിക്കാറുമില്ല. അതിനാല്‍ സാധാരണ നിലയില്‍ തന്നെ ആറ് മാസം ശമ്പള അവധി അക്രമം നടക്കുന്ന സാഹചര്യങ്ങളില്‍ നല്‍കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.

Share this news

Leave a Reply

%d bloggers like this: