പുതിയ National Maternity Hospital നിർമ്മാണം; ഭരണക്ഷികളായ Fianna Fail-ഉം Fine Gael-ഉം തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം

അയര്‍ലണ്ടില്‍ പുതിയ National Maternity Hospital (NMH) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷികളായ Fianna Fail-ഉം Fine Gael-ഉം തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു. ആശുപത്രി നിര്‍മ്മിക്കാനുള്ള നിലവിലെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിയുടെ തീരുമാനത്തെ Fianna Fail അംഗങ്ങള്‍ പിന്തുണയ്ക്കുമ്പോള്‍, ആശുപത്രിയുടെ ഉടമസ്ഥതയും നടത്തിപ്പും ആര്‍ക്കാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തത് Fine Gael-ല്‍ പദ്ധതിയെപ്പറ്റി ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകള്‍ക്കും, ചോദ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തണമെന്ന് Fine Gael നേതാവും, ഉപപ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍ പറയുന്നു. NMH-നെ സംബന്ധിക്കുന്ന ഭരണഘടനയില്‍, ഏതെങ്കിലും മതസംഘടനകളോ, മത പ്രതിനിധികളോ ബോര്‍ഡില്‍ ഉണ്ടായിരിക്കരുതെന്നും, ആശുപത്രി നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇത്തരം ആളുകള്‍ക്കോ, സംഘടനകള്‍ക്കോ ആയിരിക്കരുതെന്നും വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം Fine Gael ഭരിച്ചിരുന്നപ്പോള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അവര്‍ അംഗീകാരം നല്‍കിയിരുന്നുവെന്നും, അന്ന് ഇത്രപോലും പരിരക്ഷ പദ്ധതിക്ക് ഇല്ലായിരുന്നുവെന്നും Fianna Fail പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ സെനറ്ററായ Lisa Chambers പറഞ്ഞു. എന്നിട്ട് ഇപ്പോള്‍ മന്ത്രിമാര്‍ അത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. മുമ്പുണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ട പദ്ധതിയാണ് ഇപ്പോഴത്തേത് എന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ ഇനിയും ഒരു പത്ത് വര്‍ഷം കൂടി പുതിയ ആശുപത്രിക്കായി കാത്തുനില്‍ക്കണമെന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും Chambers പറഞ്ഞു.

അതേസമയം പുതിയ ആശുപത്രിയുടെ പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ച് കൃത്യമായി ഒരു തീയതി പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പാര്‍ട്ടി യോഗത്തില്‍ നേതാവായ മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഉദാഹരണമായി National Children’s Hospital-ന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരാശ പ്രകടിപ്പിക്കുന്നതായി മന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. എന്തുകൊണ്ട് ഈ സ്ഥലത്തിന്റെ പൂര്‍ണ്ണ ഉമടസ്ഥാവകാശം St Vincent’s Healthcare Group വിട്ടുതരുന്നില്ല എന്ന ചോദ്യത്തിന്, അവര്‍ക്ക് അതിന് സമ്മതിക്കുന്നില്ല എന്നായിരുന്നു ഡോനലിയുടെ മറുപടി.

സൗത്ത് ഡബ്ലിനിലെ Elm Park-ലുള്ള St Vincent’s-ന്റെ സ്ഥലത്താണ് പുതിയ NMH നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ ആശുപത്രിയുടെ ഉടമസ്ഥാവകാശവും, നടത്തിപ്പ് അവകാശവും Religious Sisters of Charity എന്ന മതസംഘടന നിയന്ത്രിക്കുന്ന St Vincent’s Healthcare Group-ന് ആകുമോ എന്ന ആശങ്കയാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. അങ്ങനെയായാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ മതവും, മതസംഹിതകളും കൈകടത്തുമെന്നും ഭയക്കുന്നു.

ഉടമസ്ഥാവകാശം നല്‍കില്ലെന്നും, പകരം 299 വര്‍ഷത്തേയ്ക്ക് സര്‍ക്കാരിന് ഈ സ്ഥലം പാട്ടത്തിന് എന്ന പോലെ നല്‍കാം എന്നമുള്ള തരത്തിലാണ് നിലവില്‍ St Vincent’s Healthcare Group-മായി ഉണ്ടാക്കിയ കരാര്‍.

Share this news

Leave a Reply

%d bloggers like this: