98-കാരിയായ മുത്തശ്ശിയേയും, 70-കാരിയായ അമ്മയെയും ഉക്രെയിനിൽ നിന്നും രക്ഷിക്കണം; Meath-ൽ നിന്നും യാത്ര തിരിച്ച് സ്ത്രീയും കുടുംബവും

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉക്രെയിനില്‍ നിന്നും തന്റെ 70-കാരിയായ തന്റെ അമ്മയെയും, 98-കാരിയായ മുത്തശ്ശിയെയും രക്ഷപ്പെടുത്താനായി യാത്ര തിരിച്ച് Meath സ്വദേശിയായ സ്ത്രീ. Meath-ലെ Trim-ല്‍ താമസിക്കുന്ന Luba Healy ആണ് തന്റെ ഭര്‍ത്താവ് Eugene-നും, 13-കാരനായ മകന്‍ Frances-നുമൊപ്പം ഈ ലക്ഷ്യവുമായി ശനിയാഴ്ച യാത്ര തിരിച്ചിരിക്കുന്നത്. 22 വര്‍ഷം മുമ്പാണ് Luba, Trim-ലേയ്ക്ക് കുടിയേറ്റിപ്പാര്‍ത്തത്.

പോളണ്ടിന്റെ അതിര്‍ത്തിയിലെ അപകടകരമായ യാത്രയാണ് ഇവരെ കാത്തിരിക്കുന്നത്. ഉക്രെയിന്‍കാരനായ ഡ്രൈവര്‍ 18-നും 65-നും ഇടയില്‍ പ്രായമുള്ള ആളായതിനാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. അതിനാല്‍ത്തന്നെ ഇദ്ദേഹത്തിന് അതിര്‍ത്തി കടക്കുക സാധ്യമല്ല. അതിര്‍ത്തി വരെ അമ്മയെയും മുത്തശ്ശിയെയും ഒരു മിനി ബസില്‍ എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ പോളണ്ട്-ഉക്രെയിന്‍ അതിര്‍ത്തിയില്‍ ചെന്ന് Luba-യും കുടുംബവും നേരിട്ട് തന്നെ അമ്മയെയും, മുത്തശ്ശിയെയും അതിര്‍ത്തി കടത്തണം.

വീടിന് സമീപത്തെ വൈദികന്റെ ആശീര്‍വാദത്തോടെ ഒരു ജീപ്പിലും, ക്യാംപര്‍ വാനിലുമായാണ് ഇവര്‍ യാത്രയാരംഭിച്ചിരിക്കുന്നത്. അടുത്തയാഴ്ച ആദ്യത്തോടെ തിരിച്ചെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഉക്രെയിനിലെ Haivoron-ലാണ് Luba-യുടെ അമ്മയും മുത്തശ്ശിയും താമസിക്കുന്നത്. യുദ്ധം തീര്‍ന്ന ശേഷം ഇവരെ തിരികെ അവിടെ തന്നെ കൊണ്ടുചെന്നാക്കാം എന്ന ഉറപ്പിന്മേലാണ് ഇപ്പോള്‍ അയര്‍ലണ്ടിലേയ്ക്ക് വരാന്‍ മുത്തശ്ശി സമ്മതിച്ചിരിക്കുന്നതെന്നും Luba പറയുന്നു. ഏതാനും ആഴ്ചകള്‍ മാത്രമാണ് അയര്‍ലണ്ടില്‍ താമസിക്കേണ്ടിവരികയെന്നാണ് മുത്തശ്ശി കരതുതുന്നതെന്നും, എന്നാല്‍ 98-കാരിയായ മുത്തശ്ശിക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും Luba പറയുന്നു.

അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം വേറെ ഏഴ് പേര്‍ കൂടി ബസിലുണ്ടാകും. 40 പെട്ടി ഭക്ഷണം Luba തങ്ങളുടെ വാഹനത്തില്‍ കരുതിയിട്ടുണ്ട്. ഇവ ഡ്രൈവര്‍ക്ക് നല്‍കുകയും, അദ്ദേഹം അത് ഉക്രെയിനിലെ യുദ്ധദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുകയും ചെയ്യും.

നേരത്തെ ഉക്രെയിനില്‍ നഴ്‌സായി പരിശീലനം നേടിയ ആളാണ് Luba. അഥവാ യാത്രയ്ക്കിടെ അമ്മയ്‌ക്കോ മുത്തശ്ശിക്കോ ചെറിയ ചികിത്സ വേണമെങ്കില്‍ അത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഉക്രെയിനില്‍ നിന്നും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനാകുമോ എന്ന കാര്യത്തില്‍ തനിക്ക് ഭയമുണ്ടെന്ന കാര്യവും Luba തുറന്നുസമ്മതിക്കുന്നു. എന്നാല്‍ അമ്മയെയും, മുത്തശ്ശിയെയും രക്ഷിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാണ് ഈ ധൈര്യശാലിയായ സ്ത്രീ.

Share this news

Leave a Reply

%d bloggers like this: