അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞേക്കും; കാരണം ഇവ…

അയര്‍ലണ്ടില്‍ കോവിഡ് ബാധ കാരണം വീടുകള്‍ക്കുണ്ടായ വില വര്‍ദ്ധന അതിന്റെ പാരമ്യത്തിലെത്തിയതായും, ഇനി അത് താഴേയ്ക്ക് പോകുന്ന സ്ഥിതിയാണ് വരാനിരിക്കുന്നതെന്നും റിപ്പോര്‍ട്ട്. രാജ്യത്തെ ജീവിതച്ചെലവ് വര്‍ദ്ധിച്ചതും, പലിശനിരക്ക് വര്‍ദ്ധിക്കാനിരിക്കുന്നതും ഭവനവില ഇനിയും ഉയരുന്നത് തടയുമെന്നാണ് The Irish Times തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ് ബാധ കാരണം ഭവനവില വര്‍ദ്ധിച്ച കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിലയിടിവാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഭവനനിര്‍മ്മാണം കുറഞ്ഞതോടെ വില്‍പ്പനയും കുറഞ്ഞെങ്കിലും വില കുത്തനെ ഉയരുന്ന സ്ഥിതിയായിരുന്നു കോവിഡ് കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. കാരണം ആവശ്യക്കാര്‍ അപ്പോഴും ഏറെയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. അതേസമയം നിര്‍മ്മാണമേഖല പൂര്‍വ്വസ്ഥിതിയിലാകുകയും ചെയ്തു. ഇതോടെ ഭവനവില ഇവിടങ്ങളില്‍ ഏതാനും മാസങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഎസിലും സ്ഥിതി സമാനമാണ്.

അയര്‍ലണ്ടില്‍ പലിശനിരക്ക് അത്രകണ്ട് വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ആളുകളെ വലിയ പണച്ചെലവില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്ന ഏതാനും കാര്യങ്ങള്‍ ഈ മാസങ്ങള്‍ക്കിടെ സംഭവിച്ചിട്ടുണ്ട്. ഇന്ധന വില, വൈദ്യുതി വില, മറ്റ് അവശ്യവസ്തുക്കളുടെ വില എന്നിവയെല്ലാം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ അത്യാവശ്യം സമ്പാദ്യം കയ്യിലുള്ളവരാണെങ്കില്‍ പോലും ഉടനടി അത് വീട് വാങ്ങലിനായി ചെലവിടാന്‍ സാധ്യതയില്ല. പകരം അത് സൂക്ഷിച്ചു വയ്ക്കാനോ, ഡെപ്പോസിറ്റ് ചെയ്യാനോ ആകും നോക്കുക. ഇതോടെ ഭവനമേഖലയിലെ ഡിമാന്‍ഡ് കുറയുകയും, അതുവഴി വില താഴേയ്ക്ക് വരികയും ചെയ്യുമെന്നാണ് കരുതുന്നത്.

യൂറോ സോണിലെ നിലവിലെ പണപ്പെരുപ്പം റെക്കോര്‍ഡായ 7.5 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. നേരത്തെ പ്രവചിച്ച 2 ശതമാനത്തെക്കാള്‍ നാലിരട്ടിയോളമാണിത്. ഈ പ്രതിസന്ധിയെ മറികടക്കാനായി പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറായേക്കും. അങ്ങനെവന്നാല്‍ ഭവന മേഖലയില്‍ വീണ്ടും ഡിമാന്‍ഡ് കുറയുന്ന സാഹചര്യമുണ്ടാകുകയും, തല്‍ഫലമായി വില വീണ്ടും കുറയുകയും ചെയ്യും. ജൂലൈയോടെ പലിശനിരക്കില്‍ വര്‍ദ്ധന സംഭവിക്കുമെന്നാണ് സൂചന.

ഇതോടൊപ്പം രാജ്യത്ത് ഭവനനിര്‍മ്മാണം വളരെയേറെ ചൂട് പിടിച്ചിരിക്കുന്ന സമയമാണിപ്പോള്‍. നിരവധി ഹൗസിങ് പ്രോജക്ടുകള്‍ക്കാണ് ഈയിടെ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവിഡിന് ശേഷം മാത്രമല്ല, കഴിഞ്ഞ 10 വര്‍ഷത്തിനിടെ തന്നെ വലിയ രീതിയില്‍ ഭവനനിര്‍മ്മാണം സട കുടഞ്ഞെഴുന്നേല്‍ക്കുന്നതാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. 2022-ലെ ആദ്യ പാദത്തില്‍ നിര്‍മ്മിക്കപ്പെട്ട വീടുകളുടെ എണ്ണം കെല്‍റ്റിക് ടൈഗര്‍ കാലഘട്ടത്തിന് ശേഷം റെക്കോര്‍ഡാണ് എന്നത് തന്നെ ഇതിന് തെളിവ്.

ഈ വര്‍ഷം ഏകദേശം 25,000 വീടുകള്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇത് 2023-ല്‍ 30,000 ആയും, തൊട്ടടുത്ത വര്‍ഷം 35,000 ആയും ഉയരുമെന്നും സെന്‍ട്രല്‍ ബാങ്ക് കണക്കുകൂട്ടുന്നു. ഇതോടെ വീടുകളുടെ എണ്ണം ധാരാളമാകുകയും, വില്‍പ്പന കുറയുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. സ്വാഭാവികമായും വില കുറയുകയും ചെയ്യും.

നിലവില്‍ മിക്ക നിര്‍മ്മാതാക്കളും ഇതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നതിനാല്‍ വില വര്‍ദ്ധന പ്രതീക്ഷിച്ച് നിര്‍മ്മാണപ്രവൃത്തികള്‍ തുടരുകയാണ്. അതിനാല്‍ ഒരു വീട് വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഒരല്‍പ്പകാലം കൂടി കാത്തിരിക്കുന്നത് ഒരുപക്ഷേ നന്നായിരിക്കും.

Share this news

Leave a Reply

%d bloggers like this: