അയർലണ്ടിൽ പാസ്പോർട്ട് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം ഫോമുകൾ ശരിയായ രീതിയിൽ പൂരിപ്പിക്കാത്തതെന്ന് വിദേശകാര്യ വകുപ്പ്

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതാമസമില്ലെന്നും, പലര്‍ക്കും പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാത്തത് ഫോം ശരിയായി പൂരിപ്പിക്കാത്തതിനാലാണെന്നും വിദേശകാര്യ വകുപ്പ്. നേരത്തെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടി കിടക്കുന്നതായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് വകുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ 195,000 ഫോമുകള്‍ ശരിയായ രീതിയിലല്ല പൂരിപ്പിച്ചിരിക്കുന്നത് എന്നും, അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ തടസമാകുന്നത് ഇതാണെന്നുമാണ് വകുപ്പിന്റെ പുതിയ വാദം.

10-ല്‍ നാല് ഫോമുകളും ശരിയായ രീതിയില്‍ പൂരിപ്പിക്കപ്പെട്ടിട്ടില്ല. അതല്ലാതെ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസമില്ലെന്നും വകുപ്പ് അവകാശപ്പെടുന്നു. വേനല്‍ക്കാല അവധിക്കായി അനവധി പേര്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാദവുമായി വിദേശകാര്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം നിരവധി അപേക്ഷകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച വകുപ്പ് വക്താവ്, ഇതല്ല കാലതാമസം സൃഷ്ടിക്കുന്നതെന്നും പറഞ്ഞു. കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ മാത്രമേ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നുള്ളൂവെന്നും, ദിവസേന പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയായവരുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷകളില്‍ 45 ശതമാനവും ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

കോവിഡിന് മുമ്പുള്ള ഇതേ കാലളവിനെക്കാള്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ഈ വര്‍ഷം നല്‍കിയതായും വകുപ്പ് പറയുന്നു. 5 ലക്ഷത്തിലേറെ ഐറിഷ് പൗരത്വ രേഖകളാണ് ഈ വര്‍ഷം ഇതുവരെ നല്‍കിയത്.

അതേസമയം 195,000 അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് റെക്കോര്‍ഡ് എണ്ണമാണെന്നാണ് കരുതുന്നത്. ഈ അപേക്ഷകള്‍ കൃത്യമായി പൂരിപ്പിക്കാത്തവയാണെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്. ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുന്നതാണ് അഭികാമ്യമെന്നും വകുപ്പ് പറയുന്നു. ഓഫ്‌ലൈനിനെക്കാള്‍ നാലിരട്ടി വേഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും.

10-15 ദിവസമാണ് ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വേണ്ടത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ (ആദ്യമായി അപേക്ഷിക്കുമ്പോള്‍) 40 ദിവസം വരെ എടുത്തേക്കാം. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതിനാലാണ് ഇത്.

Share this news

Leave a Reply

%d bloggers like this: