ഡബ്ലിൻ എയർപോർട്ടിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് Dublin Airport Authority (DAA). കഴിഞ്ഞ വാരാന്ത്യം അനിയന്ത്രിതമായ തിരക്ക് കാരണം ക്യൂ റോജിലേയ്ക്ക് നീണ്ടതും, പലര്‍ക്കും ഫ്‌ളൈറ്റ് നഷ്ടമായതും വിവാദമായ സാഹചര്യത്തില്‍ ഉടന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി ഈമണ്‍ റയാനും, സഹമന്ത്രി ഹില്‍ഡിഗാര്‍ഡ് നോട്ടനും DAA-യോട് ആവശ്യപ്പെടുകയായിരുന്നു.

ക്യൂ നിയന്ത്രിക്കാനും, ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാനും, കൂടുതല്‍ സെക്യൂരിറ്റി ലെയിനുകള്‍ തുറക്കുന്നതും അടക്കമുള്ള പരിഹാരനിര്‍ദ്ദേശങ്ങളാണ് DAA സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിരക്ക് കാരണം ഫ്‌ളൈറ്റ് നഷ്ടമായ യാത്രക്കാര്‍ക്ക് എത്തരത്തിലാണ് നഷ്ടപരിഹാരം നല്‍കുകയെന്നതിനും DAA വ്യക്തത നല്‍കിയിട്ടുണ്ട്.

നിലവില്‍ ഈയാഴ്ചത്തെ ബാങ്ക് ഹോളിഡേ ദിനത്തില്‍ വന്നേക്കാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് DAA അറിയിച്ചു. ഇതില്‍ അടുത്ത 24 മണിക്കൂറിനിടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സുഖകരമായ സാഹചര്യം ഒരുക്കണമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരം സംബന്ധിച്ച് ദിവസേന മന്ത്രിമാരുമായി ബന്ധപ്പെടാമെന്ന് DAA-യും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: