ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടൻ നിലവിൽ വരും

സ്മാര്‍ട്ട് സിറ്റി ലക്ഷ്യങ്ങളിലേക്ക് ഒരു പടികൂടി അടുത്ത് ഡബ്ലിന്‍ നഗരം. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടന്‍ നഗരത്തില്‍ നിലവില്‍ വരും. Wireless Broadband Alliance (WBA) യുടെ മേല്‍നോട്ടത്തില്‍ Bernardo Square, Dame Street ,City Council’s Amphitheatre എന്നീ മൂന്നിടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ പബ്ലിക് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഈ പരീക്ഷണം വിജയകരമായതോടെ 150 ഓളം കേന്ദ്രങ്ങളിലേക്ക് പുതിയ സംവിധാനം വിപുലീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഓപ്പണ്‍ റോമിങ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടുകളാണ് നഗരത്തില്‍ സജ്ജീകരിക്കുക എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഒരു തവണ കണക്ട് ചെയ്തുകഴിഞ്ഞാല്‍ തടസ്സമില്ലാത്ത കണക്ടിവിറ്റി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും. വ്യത്യസ്ത ഹോട്ട്സ്പോട്ടുകളിലേക്കുള്ള കണക്ഷന്‍ ഓട്ടോമാറ്റിക്കായി തന്നെ മാറുമെന്നതിനാല്‍ ഓരോ തവണയും പുതുതായി കണക്ട് ചെയ്യേണ്ടതില്ല.

അയര്‍ലന്‍ഡിലെ ആകെ വര്‍ക്കിങ് പോപ്പുലേഷനിലെ 30 ശതമാനത്തോളം ആളുകളും ജീവിക്കുന്ന നഗരമാണ് ഡബ്ലിന്‍. മാത്രമല്ല പ്രതിവര്‍ഷം 6.6 മില്യണോളം വിദേശസഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരാറുണ്ട്. നഗരത്തിലെത്തുന്ന ജനങ്ങള്‍, താമസക്കാര്‍, ബിസിനസുകാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് സൗജന്യവും, സുരക്ഷിതവും, മികച്ച വേഗതയുള്ളതുമായ കണക്ടിവിറ്റി ഈ പദ്ധതി വഴി ലഭിക്കും. വൈഫൈ എന്നത് ഒരു സ്മാര്‍ട്ട് സിറ്റിയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയാണ് എന്നാണ് ഈ പദ്ധതിയെക്കുറിച്ച് പ്രതികരിക്കവേ WBA ചീഫ് എക്സിക്യൂട്ടീവ് തിയാഗോ റോഡ്രിഗസ് അഭിപ്രായപ്പെട്ടത്. WBA യ്ക്കൊപ്പം Virgin Media, CommScope എന്നിവയുടെ പിന്തുണയും ഈ സുപ്രധാന പദ്ധതിക്കുണ്ട്.

Share this news

Leave a Reply

%d bloggers like this: