കൈവിട്ട കളി തിരികെ പിടിച്ച് പന്തും,പാണ്ഡ്യയും; പരമ്പര നേട്ടവുമായി ഇന്ത്യ

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ കൈവിട്ടുപോവുമെന്ന് കരുതിയ കളി തിരികെ പിടിച്ച് യുവതാരങ്ങളായ ഋഷഭ് പന്തും, ഹാര്‍ദിക് പാണ്ഡ്യയും. അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇരുവരും ചേര്‍ന്ന് ഇന്നലെ ഇന്ത്യക്ക് സമ്മാനിച്ചത്. ഋഷഭ് പന്ത് 113 പന്തില്‍ നിന്നും 125 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 55 പന്തില്‍ നിന്നും 71 റണ്‍സായിരുന്നു പാണ്ഡ്യ നേടിയത്. നേരത്തെ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ പിഴുതതും പാണ്ഡ്യയായിരുന്നു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൌളിങ്ങായിരുന്നു തിരഞ്ഞെടുത്തത്. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൌളര്‍മാര്‍ ഇംഗ്ലണ്ടിനെ വന്‍ ടോട്ടലിലേക്ക് നീങ്ങുന്നതില്‍ നിന്നും തടഞ്ഞു. എതിരാളികളെ 259 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. 80 പന്തുകളില്‍ നിന്നും 60 റണ്‍സ് നേടിയ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍. ഇന്ത്യക്കായി യൂസ്‍വേന്ദ്ര ചഹല്‍ 3 വിക്കറ്റുകളും മുഹമ്മദ് സിറാജ് 2 വിക്കറ്റുകളും, രവീന്ദ്ര ജഡേജ 1 വിക്കറ്റും നേടി.

260 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 72 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. Reece Topley യുടെ ആക്രമണത്തില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നീ വമ്പന്‍മാര്‍ വീണു. 22 പന്തുകളില്‍ നിന്നും 17 റണ്‍സ് മാത്രം നേടിയ കോലി ഈ മത്സരത്തിലും പരാജയമായി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ പന്തും ഹാര്‍ദിക് പാണ്ഢ്യയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യക്ക് തുണയായി. 133 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്കായി നേടിയത്. സ്കോര്‍ 205 ല്‍ നില്‍ക്കെ പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിലും, പിന്നീട് വന്ന രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് പാണ്ഢ്യയാണ് മാന്‍ ഓഫ് ദി സീരീസ്.

Share this news

Leave a Reply

%d bloggers like this: