അഭിമാനമായി വീണ്ടും പി വി സിന്ധു ; സിങ്കപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടനേട്ടം

സിങ്കപ്പൂര്‍‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ കിരീടം ഇന്ത്യന്‍ താരം പി.വി സിന്ധുവിന് . ഞായറാഴ്ച ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്.

മൂന്ന് ഗെയിമുകള്‍ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലും സിന്ധു വിജയം നേടിയിരുന്നു.

സിങ്കപ്പൂര്‍‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിങ്കപ്പൂര്‍‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

ഫൈനലിലെ ആദ്യ ഗെയിം തുടര്‍ച്ചയായി 13 പോയന്റുകള്‍ നേടിയായിരുന്നു സിന്ധു സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിം 21-11 എന്ന സ്കോറിന് ചൈനീസ് താരം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ വന്‍ തിരിച്ചുവരവ് നടത്തിക്കൊണ്ടായിരുന്നു സിന്ധു കിരീടം സ്വന്തമാക്കിയത്.സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

Share this news

Leave a Reply

%d bloggers like this: